ജോർദാൻ: ഏഷ്യൻ എലൈറ്റ് ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ താരം ശിവ ഥാപ്പ. ജോർദാനിലെ അമ്മാനിൽ നടന്ന മത്സരത്തിൽ മംഗോളിയയുടെ ബ്യാംബറ്റ്‌സോഗ്‌റ്റ് തുഗുൽഡൂരിനെ 3-2ന് പരാജയപ്പെടുത്തിയാണ് അഞ്ച് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് കൂടിയായ താരം ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.
മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു താരങ്ങളും പരസ്‌പരം ആക്രമിച്ചാണ് മുന്നേറിയത്. എന്നാൽ തന്‍റെ അനുഭവ സമ്പത്ത് മുതലെടുത്ത് വേഗതയേറിയ ചലനങ്ങളിലൂടെ ഥാപ്പ എതിരാളിയെ ഇടിച്ചിട്ട് വിജയം സ്വന്തമാക്കുകയായിരുന്നു. പ്രീ ക്വാർട്ടറിൽ നടക്കുന്ന ഹൈദര അലസാലി- മിൻസു ചോയി പോരാട്ടത്തിലെ വിജയിയെ ക്വാർട്ടർ ഫൈനലിൽ ശിവ ഥാപ്പ നേരിടും.
ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങളായ അനന്ത ചോപഡെ ജപ്പാന്‍റെ തനക ഷോഗോയേയും, എതാഷ് ഖാൻ തായ്‌ലൻഡിന്‍റെ ഖുനാറ്റിപ് പുഡ്‌നിച്ചിനെയും നേരിടും. കൂടാതെ 69 കിലോഗ്രാമിൽ നിന്ന് 75 കിലോഗ്രാമിലേക്ക് കളം മാറ്റിയ 2016ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്‌ൻ കസാക്കിസ്ഥാന്‍റെ വാലന്‍റീന ഖൽസോവയെയും നേരിടും.