മിലാന്: ഇറ്റാലിയന്‍ സീരി എ ചാമ്പ്യൻ എസി മിലാന് പുതിയ ഉടമകള്‍. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ റെഡ്ബേർഡ് ക്യാപിറ്റൽസാണ് ക്ലബിനെ വാങ്ങുന്നത്. 1.2 ബില്യൺ യൂറോയ്ക്ക് (1.3 ബില്യൺ ഡോളർ) നിലവിലെ ഉടമകളായ എലിയറ്റുമായി ധാരണയായതായി ക്ലബ് അറിയിച്ചു. എലിയറ്റിന് ന്യൂനപക്ഷ നിക്ഷേപമുണ്ടാവുന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
എസി മിലാന്‍റെ പ്രശസ്‌തമായ ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ തങ്ങൾ അഭിമാനിക്കുന്നുതായി റെഡ്ബേർഡ് സ്ഥാപകനും മാനേജിങ് പാര്‍ട്‌ണറുമായ ജെറി കാർഡിനാൽ പറഞ്ഞു. ഇറ്റാലിയൻ, യൂറോപ്യൻ, ലോക ഫുട്‌ബോളിലും ക്ലബ് ഉയര്‍ച്ചയിലേക്ക് മടങ്ങുമ്പോഴുള്ള അടുത്ത അധ്യായത്തിൽ ഒരു പങ്ക് വഹിക്കാൻ തങ്ങൾ സന്തുഷ്ടരാണെന്നും ജെറി കാർഡിനാൽ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന്‍റെ ഉടമസ്ഥതയുള്ള ഫെൻവേ സ്പോർട്‌സ് ഗ്രൂപ്പിൽ റെഡ്ബേർഡിന് ഓഹരിയുണ്ട്.
2018 മുതലാണ് യുഎസ് ആസ്ഥാനമായുള്ള ഹെഡ്‌ജ് ഫണ്ട് സ്ഥാപനമായ എലിയട്ട് മിലാന്‍റെ ഉടമസ്ഥരാവുന്നത്. ക്ലബിന്‍റെ മുൻ ചൈനീസ് ഉടമ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് എലിയട്ട് ടീമിന്‍റെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. 2017 ൽ ചൈനീസ് ഗ്രൂപ്പിന് വിൽക്കുന്നതിന് മുമ്പ് 30 വർഷത്തിലേറെ ക്ലബിനെ നിയന്ത്രിച്ചത് ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയാണ്.
also read: 'വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്‌ടപ്പെടുന്ന കളിക്കാര്‍ക്ക് വിമര്‍ശനങ്ങള്‍ തമാശ': സെവാഗ്
അതേസമയം ഇറ്റാലിയന്‍ സീരി എ കിരീടത്തിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പാണ് സീസണില്‍ എസി മിലാന്‍ അവസാനിപ്പിച്ചത്. കിരീടപ്പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ചിരവൈരികളായ ഇന്‍റര്‍ മിലാനെ രണ്ട് പോയിന്‍റുകള്‍ക്ക് മറികടന്നാണ് സ്റ്റെഫാനോ പിയോലിയുടെ സംഘത്തിന്‍റെ നേട്ടം.