പാരീസ്: ലയണല്‍ മെസി, ക്രിസ്റ്റ്യനോ റൊണാള്‍ഡോ എന്നിവരില്‍ ആരാണ് ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമെന്ന തര്‍ക്കം തുടരുമെന്നുറപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് സ്‌പാനിഷ് ഫുട്‌ബോളര്‍ സെർജിയോ റാമോസ്. റയല്‍ മാഡ്രിഡില്‍ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയെ തഴഞ്ഞ റാമോസ് മെസിയാണ് ഫുട്‌ബോളിലെ ഗോട്ടെന്നാണ് പറയുന്നത്.
നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയില്‍ മെസിയുടെ സഹതാരമാണ് റാമോസ്. എന്നാല്‍ മുന്‍ കാലത്തുള്ള ഇരുവരുടെയും ബന്ധം അത്ര സൗഹൃദപരമായിരുന്നില്ല. സ്‌പെയിനിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനായി റാമോസും ബാഴ്‌സലോണയ്ക്ക് വേണ്ടി മെസിയും ബൂട്ടുകെട്ടിയ കാലത്ത് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കളിക്കളം പലതലണ സാക്ഷ്യം വഹിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ റൊണാൾഡോയെ നേരിടാൻ മെസിയും റാമോസും ഒന്നിച്ചിറങ്ങിയതിനും ഫുട്‌ബോള്‍ ലോകം ഒടുവില്‍ സാക്ഷിയായി. മെസിക്കെതിരെ വർഷങ്ങളോളം കളിച്ചതിന് ശേഷം, ഒടുവില്‍ താരത്തെ ആസ്വദിക്കാൻ അവസരം ലഭിച്ചുവെന്നും റാമോസ് പറഞ്ഞു.
"ഞാൻ ഇപ്പോൾ മെസിയെ ആസ്വദിക്കുകയാണ്. ഫുട്ബോൾ ഇതുവരെ സൃഷ്ടിച്ചതിൽ ഏറ്റവും മികച്ച കളിക്കാരനാണ് അവൻ." 35കാരനായ സ്‌പാനിഷ് ഡിഫന്‍ഡര്‍ പറഞ്ഞു. പിഎസ്‌ജി ടിവിയോടാണ് താരത്തിന്‍റെ പ്രതികരണം.
ഒരു ലോകകപ്പ് ജേതാവിനെ എതിരാളി എന്നതിലുപരി സഹതാരമായി ലഭിക്കുന്നതാണ് നല്ലതെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു. "തീർച്ചയായും അവന്‍ ഒരു ടീമംഗമായി കൂടെ ഉണ്ടായിരിക്കുന്നതാണ് നല്ലത്. മെസി നിങ്ങളോടൊപ്പമോ അല്ലെങ്കില്‍ എതിരെയോ എന്ന ചോദ്യത്തിനുള്ള ഇത്തരം വളരെ വേഗത്തിലും ആത്മാർത്ഥമായും ആയിരിക്കും" റാമോസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം നവംബറിൽ മെസിയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് റാമോസ് മനസ് തുറന്നിരുന്നു. തങ്ങളുടേത് മികച്ച ബന്ധമാണെന്നും ഇരുവരും പരസ്പരം വളരെയധികം ബഹുമാനിക്കുന്നുവെന്നുമായിരുന്നു റാമോസ് പറഞ്ഞത്.