മിയാമി: സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും കൂടാരത്തിലെത്തിച്ച് യുഎസ്‌എയിലെ മേജർ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമി. കഴിഞ്ഞ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മിഡ്‌ഫീൽഡറായ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്‍റര്‍ മിയാമിയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ക്ലബ് ഇതു സംബന്ധിച്ച് സ്ഥിരീകരിച്ചത്.
34-കാരന്‍റെ വരവ് അറിയിച്ച് ഇന്‍റര്‍ മിയാമി ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പെപ് ഗാർഡിയോള, സാവി ഹെർണാണ്ടസ്, ലൂക്കാ മോഡ്രിച്ച്, ലയണൽ മെസി എന്നിവർ ബുസ്‌ക്വെറ്റ്‌സിനെ പ്രശംസിക്കുന്നതുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വീഡിയോയിലുണ്ട്. ബാഴ്‌സയുമായുള്ള 15 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്.
- — Inter Miami CF (@InterMiamiCF) June 23, 2023 " class="align-text-top noRightClick twitterSection" data="
— Inter Miami CF (@InterMiamiCF) June 23, 2023
">— Inter Miami CF (@InterMiamiCF) June 23, 2023
ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളര്‍ന്ന താരമാണ് ബുസ്‌ക്വെറ്റ്‌സ്. ആദ്യ ഘട്ടത്തില്‍ സെൻട്രൽ മിഡ്‌ഫീൽഡർ റോളില്‍ കളിച്ചിരുന്ന താരത്തെ ബാഴ്‌സയുടെ ബി ടീം പരിശീലകനായി എത്തിയ പെപ് ഗ്വാർഡിയോളയാണ് ഡിഫൻസീവ് മിഡ്‌ഫീൽഡറാക്കിയത്. പിന്നീട് 2008-ല്‍ പെപ് ഗ്വാർഡിയോയ്‌ക്ക് കീഴില്‍ ബാഴ്‌സയ്‌ക്കായി അരങ്ങേറിയതോടെ ക്ലബിന്‍റെ പ്രധാന താരമായും സെർജിയോ ബുസ്‌ക്വെറ്റ്‌സ് മാറി.
അന്ദ്രെ ഇനിയേസ്റ്റയും സാവി ഹെര്‍ണാണ്ടസും ചേരുന്ന ബാഴ്‌സയുടെ മധ്യനിരയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. ടീമിനൊപ്പമുണ്ടായിരുന്ന 15 വർഷക്കാലയളവില്‍ മൂന്ന് ചാമ്പ്യൻസ് ലീഗും ഒമ്പത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റേയും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും സ്‌പാനിഷ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സ്‌പെയിനിനായി 143 മത്സരങ്ങളാണ് സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിച്ചിട്ടുള്ളത്. ദേശീയ ടീമിനൊപ്പം 2010ലെ ലോകകപ്പും 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും താരം ഉയര്‍ത്തിയിട്ടുണ്ട്.
ബാഴ്‌സയുടെ മുന്‍ താരമായ ജോർഡി ആൽബയെ സൈൻ ചെയ്യാൻ മിയാമിക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ട്. സീസൺ അവസാനത്തോടെയാണ് ലെഫ്റ്റ് ബാക്ക് ആയ ജോർഡി ആൽബ ബാഴ്‌സ വിട്ടത്. അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയില്‍ നിന്നാണ് ലയണല്‍ മെസി ഇന്‍റര്‍ മിയാമിയിലെത്തുന്നത്.
ബാഴ്‌സലോണ സീനിയര്‍ ടീമുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ലയണല്‍ മെസി പിഎസ്‌ജിയില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പ് മുതല്‍ക്ക് താരവുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ബാഴ്‌സയിലേക്ക് തിരികെ പോകാനായിരുന്നു ലക്ഷ്യം വച്ചിരുന്നതെന്ന് 35-കാരനായ മെസി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബാഴ്‌സയ്‌ക്ക് മെസിയെ കയ്യൊഴിയേണ്ടിവന്നത്. ഇതേപ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് താരത്തെ തിരികെ എത്തിക്കാന്‍ ബാഴ്‌സയ്‌ക്ക് കഴിയാതെയായത്. സ്‌പെയ്‌നിലേക്ക് പോകാനുള്ള പദ്ധതികള്‍ വിജയിച്ചില്ലെങ്കിലും നിലവിലെ തീരുമാനത്തില്‍ സന്തുഷ്‌ടനാണെന്നും മെസി പറഞ്ഞിരുന്നു.
വരാനിരിക്കുന്ന വെല്ലുവിളികള്‍ ഇന്‍റര്‍ മിയാമിയ്‌ക്കൊപ്പം നേരിടാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അര്‍ജന്‍റൈന്‍ താരം പറഞ്ഞിരുന്നു. അതേസമയം ഇന്‍റര്‍ മിയാമിക്കായുള്ള മെസിയുടെ അരങ്ങേറ്റം ജൂലായ് 21-ന് നടക്കുമെന്നാണ് വിവരം.
ALSO READ: SAFF CUP | പാകിസ്ഥാനെതിരെ ചുവപ്പ് കാര്‍ഡ്; ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക്