ലോസാന്‍: വനിതാ അത്‌ലറ്റുകള്‍ ടെസ്‌റ്റോസ്റ്റിറോണിന്‍റെ (പുരുഷ ഹോര്‍മോണ്‍) അളവ് നിയന്ത്രിച്ച് നിര്‍ത്തണമെന്ന ഇന്റര്നാഷണല് അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍റെ (ഐഎഎഎഫ്) ഉത്തരവിന് അന്താരാഷ്ട്ര കായിക കോടതിയുടെ അംഗീകാരം. ഉത്തരവിനെതിരെ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് കാസ്റ്റര്‍ സെമന്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് സെമന്യക്ക് കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അത് കൊണ്ട് തന്നെ മറ്റ് വനിതാ അത്ലറ്റുകളേക്കാള്‍ കൂടുതല്‍ കായികക്ഷമത സെമന്യക്ക് ഉണ്ടെന്നും ഇത് വിവേചനമാണെന്നുമാണ് ഐഎഎഎഫിന്‍റെ പക്ഷം. വിധിയില്‍ സന്തോഷമുണ്ടന്നും എല്ലാ അത്ലറ്റുകള്‍ക്കും തുല്യ നീതി ലഭിക്കണമെന്ന തങ്ങളുടെ നിലപാടിന് ലഭിച്ച അംഗീകാരമാണിതെന്നും ഐഎഎഎഫ് പ്രതികരിച്ചു.
താന്‍ കൂടുതല്‍ കരുത്തോടെ മത്സരരംഗത്തുണ്ടാവുമെന്നും വിധി തിരിച്ചടിയല്ലെന്നുമായിരുന്നു സെമന്യയുടെ പ്രതികരണം. ഇരുപത്തിയെട്ടുകാരിയായ സെമന്യ 2012, 2016 ഒളിമ്പിക്‌സുകളില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ്. ഇതേ ഇനത്തില്‍ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവുമുണ്ട്. 10 വര്‍ഷം മുമ്പ് സെമന്യയുടെ ലിംഗനിര്‍ണയ പരിശോധന നടന്നെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.