ദുബായ് : ഏഷ്യ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സൻ-ഹെൻഡ്ര സെറ്റ്യാവൻ ജോഡികളെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ഇന്ത്യൻ സഖ്യം സെമി ഫൈനലിലെത്തിയത്. 58 വർഷത്തിന് ശേഷം ആദ്യമാണ് ഏഷ്യ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യ മെഡലുറപ്പിക്കുന്നത്.
30 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 21-11, 21-12 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ വിജയം. ആദ്യ സെറ്റിൽ 8-8ന് ഒപ്പമെത്തിയ ഇന്ത്യൻ സഖ്യം 11-8 ന്‍റെ ലീഡിൽ ഇടവേളയ്‌ക്ക് പിരിഞ്ഞു. തുടർന്ന് എതിരാളികൾക്ക് യാതൊരുവിധ അവസരവും നൽകാതെ 21-11 ന് ആദ്യം സെറ്റ് സ്വന്തമാക്കി.
രണ്ടാം ഗെയിമിലും തുടക്കത്തില്‍ തന്നെ ലീഡ് നേടിയെങ്കിലും തുടർച്ചയായി വരുത്തിയ പിഴവുകൾ ഇന്തോനേഷ്യൻ സഖ്യത്തിന് തിരിച്ചടിയായി. പിന്നാലെ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യൻ ജോഡി 21-12 സെറ്റും മത്സരവും സ്വന്തമാക്കി. സെമി ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ ലീ യാങ്, വാങ് ചി-ലിൻ എന്നിവരെയാണ് എതിരാളികൾ.
അതേസമയം സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു, എച്ച്‌എസ് പ്രണോയ് എന്നിവർ ക്വാർട്ടറിൽ പുറത്തായി. കൊറിയയുടെ രണ്ടാം സീഡ് അൻ സെ യങ്ങിനെതിരെ 21-18, 5-21 9-21 എന്നീ സ്‌കോറിനാണ് സിന്ധുവിന്‍റെ തോൽവി. 58 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യം ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു സിന്ധുവിന്‍റെ കീഴടങ്ങൽ. ദക്ഷിണ കൊറിയൻ സൂപ്പർ താരത്തിനെതിരെ ആദ്യമായാണ് സിന്ധു ഒരു സെറ്റ് നേടുന്നത്. എന്നാൽ അതേ ഫോം മത്സരത്തിലുടനീളം തുടരാനായില്ല. അൻ സെ യങ്ങിനെതിരെ സിന്ധുവിന്‍റെ ആറാം തോൽവിയാണിത്.
ജപ്പാൻ താരം കാന്‍റ സുനേയാമയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റതോടെയാണ് പ്രണോയ് പിൻമാറിയത്. 11-21, 9-13 എന്ന സ്‌കോറിന് പിന്നിൽ നിൽക്കെയാണ് എട്ടാം സീഡായ പ്രണോയ് പിൻമാറുന്നതായി അറിയിച്ചത്.