കെയ്റോ : ഖത്തര്‍ ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖല ക്വാളിഫയറിന്‍റെ ആദ്യ പാദ മത്സരത്തില്‍ സെനഗലിനെതിരെ ഈജിപ്‌തിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഈജിപ്‌ത് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ കീഴടത്തിയത്. നാലാം മിനിറ്റിൽ സാലിയോ സിസ്സിന്‍റെ സെൽഫ് ഗോളാണ് സെനഗലിന് തിരിച്ചടിയായത്.
മുഹമ്മദ് സലായുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുമ്പോഴാണ് സെനഗല്‍ പ്രതിരോധ താരത്തിന്‍റെ ദേഹത്ത് തട്ടി വലയില്‍ കയറിയത്. കെയ്റോയിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു മത്സരം അരങ്ങേറിയത്.
മറ്റൊരു മത്സരത്തില്‍ അൾജീരിയ എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു. ഹെഡ്ഡറിലൂടെ ഇസ്‌ലാം സ്ലിമാനിയാണ് അൾജീരിയയ്‌ക്കായി സ്‌കോർ ചെയ്തത്.
also read: World Cup Qualifiers | അർജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം ; വെനസ്വെലയെ തകര്‍ത്തത് മൂന്ന് ഗോളിന്
മറ്റൊരു മത്സരത്തില്‍ ടുണീഷ്യ ഒരു ഗോളിന് മാലിയെ പരാജയപ്പെടുത്തി. 36-ാം മിനിറ്റിൽ പ്രതിരോധ താരം മൗസ സിസാക്കോയുടെ ഓണ്‍ ഗോളാണ് മാലിക്ക് തിരിച്ചടിയായത്. 40ാം മിനിട്ടില്‍ ചുവപ്പ് നേടി മൗസ പുറത്താവുകയും ചെയ്‌തതോടെ 10 പേരുമായാണ് മാലി മത്സരം അവസാനിപ്പിച്ചത്.
മൊറോക്കോ-കോംഗോ (1-1) , ഘാന-നൈജീരിയ(1-1) മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. മേഖലയില്‍ നിന്ന് അഞ്ച് ടീമുകള്‍ക്കാണ് ഖത്തറിലേക്ക് ടിക്കറ്റ് ലഭിക്കുക. എന്നാല്‍ ഇതേവരെ ഒരു ടീമിനും യോഗ്യത ഉറപ്പിക്കാനായിട്ടില്ല. ചൊവ്വാഴ്‌ചയാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.