ന്യൂഡല്‍ഹി: കായിക താരങ്ങള്‍ക്ക് മൂന്ന് ആഴ്‌ചത്തെ വേനലവധി പ്രഖ്യാപിച്ച് സായി. നാഷണല്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സിലെ കായിക താരങ്ങള്‍ക്കാകും ഈ തീരുമാനം ബാധകമാകുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീക്കം. അതേസമയം തീരുമാനം ടോക്കിയോ ഒളിമ്പിക്‌സിനായി തയാറെടുക്കുന്നവരെ ബാധിക്കില്ലെന്നും സായി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സായി അവധി പ്രഖ്യാപിച്ചത്.
അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടില്‍ പോകുന്ന കായിക താരങ്ങള്‍ക്ക് വിമാന ടിക്കറ്റും സായി കേന്ദ്രത്തില്‍ നിന്നും 500 കിലോമീറ്റര്‍ ചുറ്റളവില്‍ വീടുള്ളവര്‍ക്ക് എസി ത്രി ടയര്‍ ട്രെയിന്‍ ടിക്കറ്റും അധികൃതര്‍ അനുവദിക്കും. താരങ്ങളെ സുരക്ഷിതരായി വീട്ടിലെത്തിക്കാനാണ് ഈ തീരുമാനം. അതേസമയം സായി കേന്ദ്രങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാകും. പാട്യാലയിലും ബംഗളൂരുവിലും സോനാപേട്ടിലും തിരുവനന്തപുരത്തും ഉള്‍പ്പെടെ സായി കൊവിഡ് പരിശോധനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനകം നാല് കേന്ദ്രങ്ങളിലുമായി 1,477 ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.