ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളിന്‍റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ലെബനനാണ് എതിരാളി. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ഗ്രൂപ്പ് എയില്‍ കുവൈത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് ലെബനന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കുവൈത്തിനോട് 1-1ന് സമനില വഴങ്ങിയതോടെയാണ് ഇന്ത്യയ്‌ക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാവേണ്ടി വന്നത്. സുനില്‍ ഛേത്രിയുടെ മികവില്‍ ആദ്യം ഗോളടിച്ച ഇന്ത്യയ്‌ക്ക് അവസാന നിമിഷത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ വിനയായത്.
2023-ൽ ബ്ലൂ ടൈഗേഴ്‌സ് വഴങ്ങുന്ന ആദ്യ ഗോളായിരുന്നുവിത്. ഇതിന് മുന്നെ കളിച്ച എട്ട് മത്സരങ്ങളിലും സംഘം ഗോള്‍ വഴങ്ങിയിരുന്നില്ല. സാഫ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയേക്കാള്‍ ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള ടീമാണ് ലെബനന്‍. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍റര്‍കോണ്ടിനല്‍ കപ്പ് ഫൈനലില്‍ ലെബനനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സുനില്‍ ഛേത്രിയുടെ സംഘം തൂക്കിയടിച്ചിരുന്നു.
ഇതോടെ 46 വര്‍ഷത്തിനിടെ ലെബനനോട് ജയിച്ചിട്ടില്ലെന്ന നാണക്കേടും ഇന്ത്യ മാറ്റി. ടീമിനെതിരെ ആ കുതിപ്പ് ഇന്നും ആവര്‍ത്തിക്കാനാവും ബ്ലൂ ടൈഗേഴ്‌സ് ലക്ഷ്യം വയ്‌ക്കുക. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നും ഫോം ഇന്ത്യയുടെ കരുത്താണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം ഗോളടിച്ചിരുന്നു. ഒരു ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളുകളുമായി നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററാണ് 38-കാരനായ താരം.
പ്രതിരോധത്തിലെ പ്രധാനിയായ സന്ദേശ് ജിങ്കനില്ലാതെയാവും ഇന്ത്യ ലെബനനെതിരെ കളിക്കാനിറങ്ങുക. തുടര്‍ച്ചയായ മത്സരങ്ങളില്‍ യെല്ലോ കാര്‍ഡ് ലഭിച്ചതിനെതുടര്‍ന്ന് താരം സസ്‌പെന്‍ഷനിലാണ്. മുന്നേറ്റ നിര മികവ് പുലര്‍ത്തുമ്പോഴും മധ്യനിരയുടെയും പ്രതിരോധനിരയുടെയും പിഴവുകള്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നു. ലെബനനെതിരെ ഈ പ്രശ്‌നം ടീമിന് പരിഹരിക്കേണ്ടതുണ്ട്. അതേസമയം ആദ്യ സെമിയില്‍ കുവൈറ്റ്- ബംഗ്ലാദേശ് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
മത്സരം കാണാനുള്ള വഴി: സാഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ vs ലെബനന്‍ മത്സരം ടെലിവിഷനില്‍ ഡിഡി ഭാരതിയിലാണ് തത്സമയം കാണാന്‍ സാധിക്കുക. ഫാന്‍കോഡ് ആപ്പിലും തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യ സാധ്യത സ്റ്റാര്‍ട്ടിങ് ഇലവന്‍: അമരീന്ദർ സിങ്, നിഖിൽ പൂജാരി, അൻവർ അലി, മെഹ്താബ് സിങ്, ആകാശ് മിശ്ര, ജാക്‌സൺ സിങ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൾ സമദ്, മഹേഷ് സിങ്, ലാലിയൻസുവാല ചാങ്‌തെ, സുനിൽ ഛേത്രി.
ലെബനന്‍ സാധ്യത സ്റ്റാര്‍ട്ടിങ് ഇലവന്‍: അലി സബെഹ്, ഹുസൈൻ സെയ്ൻ, മുഹമ്മദ് എൽ ഹയക്, ജിഹാദ് അയൂബ്, ഹസ്സൻ സാദ്, വാലിദ് ചൗവാർ, അലി ടിനീച്ച്, സെയ്ൻ അബിദീൻ ഫറാൻ, ഹസ്സൻ മാടൂക്ക്, നാദർ മാതർ, കരിം ഡാർവിച്ച്.
ALSO READ: Lionel Messi| ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോള്‍; ഹാലന്‍ഡ് പിന്നില്‍, പുരസ്‌കാരം തൂക്കി ലയണല്‍ മെസി