റബാത്ത്: ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി സെനഗലിന്‍റെ സാദിയോ മാനേ. രണ്ടാം തവണയാണ് മാനേ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. വോട്ടെടുപ്പില്‍ ഈജിപ്‌തിന്‍റെ മുഹമ്മദ് സലായേയും, സെനഗല്‍ ടീമിലെ സഹതാരമായ എഡ്വാർഡ് മെൻഡിയേയുമാണ് മാനേ മറികടന്നത്.
നേട്ടം സെനഗലിലെ യുവജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ മാനെ പറഞ്ഞു. പ്രതിസന്ധി കാലത്ത് കൂടെ നിന്ന പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായും മാനേ കൂട്ടിച്ചേര്‍ത്തു.
നേരത്തെ 2019ലാണ് മാനേ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അര്‍ഹനായത്. പിന്നീട് കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണ കൂടിയാണ് മാനേ പുരസ്‌കാരം സ്വന്തമാക്കുന്നത്.
ആഫ്രിക്കൻ നേഷൻസ് കപ്പിന്‍റെ ഫൈനലിൽ ഈജിപ്‌തിനെതിരെ പെനാല്‍റ്റിയിലൂടെ സെനഗലിന്‍റെ വിജയ ഗോള്‍ നേടാന്‍ മാനേയ്‌ക്ക് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റില്‍ സെനഗലിന്‍റെ ആദ്യ കിരീടം കൂടിയാണിത്. തുടര്‍ന്ന് ലോകകപ്പ് യോഗ്യത മത്സരത്തിലും ഈജിപ്‌തിനെ മറികടന്ന് സെനഗലിന്‍റെ മുന്നേറ്റം ഉറപ്പിക്കുന്നതില്‍ മാനെ നിര്‍ണായകമായി.
നൈജീരിയയുടെ അസിസാത് ഒഷോളയാണ് മികച്ച വനിത ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സയുടെ താരമായ അസിസാത് ഇത് അഞ്ചാം തവണയാണ് പുരസ്‌കാരത്തിന് അര്‍ഹയാവുന്നത്. നേരത്തെ 2014, 2016, 2017, 2019 വർഷങ്ങളിലായിരുന്നു താരത്തിന്‍റെ പുരസ്‌കാര നേട്ടം.