ലാസ് വെഗാസ്: ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ അഭിഭാഷകൻ. 626,000 ഡോളർ (49 ലക്ഷം ഇന്ത്യൻ രൂപ) ആണ് നഷ്‌ടപരിഹാരമായി മോഡലിന്‍റെ അഭിഭാഷകനോട് ആവശ്യപ്പെട്ടത്. 2009 ൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച്, മോഡലായ കാതറിൻ മിയോർഗ 579 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് 2018ൽ കോടതിയെ സമീപിച്ചിരുന്നത്.
ഇക്കാര്യത്തില്‍ ജൂലൈ എട്ടിനകം കോടതിയിൽ മറുപടി നൽകണമെന്ന് മോഡലിന്‍റെ അഭിഭാഷകനായ ലെസ്ലി സ്റ്റോവാളിനെ അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ലാസ് വെഗാസിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് സംഭവം പുറത്തുപറയാതിരിക്കാൻ 3,75,000 ഡോളർ (ഏകദേശം മൂന്നു കോടി രൂപ) നൽകിയതായും പരാതിയിൽ പറയുന്നു.
കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിന്റെ ഭാഗമായായിരുന്നു ഇത്. എന്നാൽ, ഒത്തുതീർപ്പിന്‍റെ ഭാഗമായ ഒരു ഉപാധി ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്‍റെ നിയമവിഭാഗവും ലംഘിച്ചതായും പരാതിയിൽ ഉന്നയിച്ചിരുന്നു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്‌പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
അതിന് പിന്നാലെ 42 പേജുള്ള തന്‍റെ വിധി ന്യായത്തില്‍ കേസ് വീണ്ടും പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്‌ജി, മിയോര്‍ഗയുടെ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ചു. മോശം പെരുമാറ്റത്തിനും രേഖകള്‍ ചോര്‍ത്തിയതിനുമടക്കമാണ് മിയോര്‍ഗയുടെ അഭിഭാഷകരെ ജഡ്‌ജി കുറ്റപ്പെടുത്തിയത്. പരാതിക്കാരിയുടെ അഭിഭാഷകൻ ലെസ്ലി സ്റ്റോവാളിന്‍റെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.