റോം: പ്രഥമ യുറോപ്പ കോൺഫറൻസ് ലീഗ് കിരീടത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയുടെ മുത്തം. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഡച്ച് ക്ലബായ ഫെയ്നോർഡിനെ തോൽപ്പിച്ചാണ് റോമയുടെ കിരീട നേട്ടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് റോമ ഫെയ്നോർഡിനെ തോല്‍പ്പിച്ചത്.
മത്സരത്തിന്‍റെ 32ാം മിനിട്ടില്‍ റോമയ്‌ക്കായി നിക്കോളോ സാനിയോള ലക്ഷ്യം കണ്ടപ്പോള്‍ ഫെയ്നോർഡിന് മറുപടിയുണ്ടായില്ല. 1970ലെ യൂറോപ്യൻ ചാമ്പ്യൻമാർ ഫെയ്നോർഡ് ഒരു യൂറോപ്യൻ ഫൈനലിൽ ആദ്യമായാണ് പരാജയപ്പെടുന്നത്. അതേസമയം റോമയുടെ ആദ്യ പ്രധാന യൂറോപ്യന്‍ കിരീടമാണിത്.
വിജയത്തോടെ പരിശീലകനായെത്തിയ ആദ്യ സീസണില്‍ തന്നെ നേട്ടം സ്വന്തമാക്കാന്‍ ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീന്യോക്കായി. ഇതോടെ യൂറോപ്പിലെ മൂന്നു പ്രധാന ക്ലബ് കിരീടങ്ങളും നേടുന്ന ആദ്യത്തെ പരിശീലകനായി മൗറീന്യോ മാറി. നേരത്തെ വിവിധ ക്ലബുകള്‍ക്കൊപ്പം ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മൗറീന്യോ സ്വന്തമാക്കിയിരുന്നു.
ബെന്‍ഫിക്കയുടെ പരിശീലകനെന്ന നിലയില്‍ തന്‍റെ കരിയര്‍ ആരംഭിച്ച മൗറീന്യോ പ്രീമിയര്‍ ലീഗില്‍ ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെയും, സ്‌പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ ക്ലബ്ബുകളെയുംപരിശീലിപ്പിച്ചിട്ടുണ്ട്.