വാഴ്സോ: ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലെ തന്‍റെ യുഗം അവസാനിച്ചെന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ദേശീയ ടീമിനൊപ്പമുള്ള പരിശീലന ക്യാമ്പിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ജര്‍മ്മന്‍ ക്ലബ് വിടുമെന്ന് ലെവന്‍ഡോവ്‌സ്‌കി വ്യക്തമാക്കിയത്.
"ഇന്നത്തെ നിലയിൽ ഒരു കാര്യം ഉറപ്പാണ്, ബയേൺ മ്യൂണിക്കിലെ എന്‍റെ കഥ അവസാനിച്ചു. അടുത്ത മാസങ്ങളിൽ നടന്ന എല്ലാത്തിനും ശേഷം കൂടുതൽ നല്ല സഹകരണം സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല. ട്രാന്‍സ്‌ഫര്‍ ഇരു കക്ഷികൾക്കും ഏറ്റവും മികച്ച പരിഹാരമാകുമെന്ന് എനിക്കറിയാം." ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോളിഷ് താരത്തിന്‍റെ പ്രസ്‌താവന. ബവേറിയൻ ക്ലബ്ബുമായുള്ള കരാർ ഒരു വര്‍ഷത്തേക്ക് കൂടി ശേഷിക്കെയാണ് ലെവന്‍ഡോവ്‌സ്‌കിയുടെ പടിയിറക്കം. ബയേൺ തന്നെ തടയില്ലെന്ന് വിശ്വസിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
അടുത്ത സീസണിൽ ബയേണിലുണ്ടാവില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. "അടുത്ത സീസണിൽ ബയേണിനായി കളിക്കുമോ എന്ന് അറിയാൻ പ്രയാസമാണ്." എന്നായിരുന്നു പോളിഷ് ബ്രോഡ്‌കാസ്റ്റർ ഇലവൻ സ്പോർട്സിനോട് ലെവന്‍ഡോവ്‌സ്‌കി പ്രതികരിച്ചത്.
വഴങ്ങാതെ ബയേണ്‍: ലെവൻഡോവ്‌സ്‌കിയുടെ ഏജന്‍റായ പിനി സഹവിയും ബാഴ്‌സലോണയും മൂന്ന് വർഷത്തെ കരാറിന് വാക്കാൽ സമ്മതിച്ചിട്ടുണ്ടെങ്കിലും താരത്തെ വിൽപനയ്‌ക്കില്ല എന്ന നിലപാടിൽ ബയേൺ ഉറച്ചുനിൽക്കുകയാണ്. 2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്.
ബുണ്ടസ് ലീഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ച് കൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ് ലിഗയിലെ മുൻനിര സ്‌കോററായി.