വാഴ്സോ: ഖത്തര്‍ ലോകകപ്പിന് യോഗ്യതയുറപ്പിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട്. ക്വാളിഫൈയിങ് പ്ലേ ഓഫ് ഫൈനലിൽ സ്വീഡനെ തകര്‍ത്താണ് പോളിഷ് പട ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പോളണ്ടിന്‍റെ വിജയം.
ലെവന്‍ഡോവ്‌സ്‌കിയും പിയോറ്റര്‍ സിലന്‍സ്‌കിയുമാണ് പോളിഷ് പടയ്‌ക്കായി ലക്ഷ്യം കണ്ടത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് പോളണ്ടിന്‍റെ പട്ടികയിലെ രണ്ട് ഗോളുകളും പിറന്നത്. 49ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍.
ഗ്രെഗോർസ് ക്രിചോവിയാകിനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്വീഡിഷ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് സിലന്‍സ്കി സംഘത്തിന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. 72ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ വീണത്.
also read: നോർത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു; ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ഖത്തറിലേക്ക്
തിരിച്ചടിക്കാനുള്ള അവസാന ശ്രമത്തിന്‍റെ ഭാഗമായി ഫിറ്റല്ലാതിരുന്നിട്ടും സ്വീഡന്‍ സ്ലാട്ടന്‍ ഇബ്രാമോവിച്ചിനെ ഇറക്കിയെങ്കിലും പോളണ്ട് വിട്ടു കൊടുത്തില്ല. മത്സരത്തിന്‍റെ 62 ശതമാനവും പന്ത് കൈവശം വെയ്‌ക്കാന്‍ സ്വീഡന് കഴിഞ്ഞുവെങ്കിലും ഗോളടിക്കാന്‍ മറന്നത് വിനയായി.
അതേസമയം 1991 നു ശേഷം ഇത് ആദ്യമായാണ് പോളണ്ട് സ്വീഡനെ തോല്‍പ്പിക്കുന്നത്.