ബാഴ്‌സലോണ : ബാഴ്‌സലോണയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ കൈയില്‍ നിന്ന് ഒരാള്‍ വാച്ച് തട്ടിയെടുത്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 56 ലക്ഷത്തിലധികം രൂപ (70,000 യൂറോ) വിലയുള്ള വാച്ചാണ് ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിന് പുറത്തുവച്ച് കവര്‍ന്നത്. കാറിലിരുന്ന് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ താരത്തിന്‍റെ കൈയിലുണ്ടായിരുന്ന വാച്ച് ഒരാള്‍ തട്ടിയെടുക്കുകയായിരുന്നു.
മോഷ്‌ടാവിനെ പിടികൂടിയതായും വാച്ച് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മോഷ്‌ടാവിനെ ലെവൻഡോവ്സ്‌കി പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷം ജര്‍മന്‍ ക്ലബ് ബയൺ മ്യൂണിക്കിൽ നിന്ന് 50 മില്യണ്‍ യൂറോയ്ക്കാണ് 33കാരനായ താരത്തെ ബാഴ്‌സലോണ ടീമിലെത്തിച്ചത്.
2023വരെ ജര്‍മന്‍ ക്ലബ്ബുമായി പോളിഷ് താരത്തിന് കരാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു.2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്.
ബുണ്ടസ് ലിഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ് ലിഗയിലെ മുൻനിര സ്‌കോററായി.