ബാക്കു(അസര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ (Chess World Cup 2023) ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും (Magnus Carlsen) ഇന്ത്യന്‍ ഗ്രാൻഡ് മാസ്‌റ്റര്‍ ആർ പ്രജ്ഞാനന്ദയും (R Praggnanandhaa) തമ്മിലുള്ള രണ്ടാമത്തെ ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ അവസാനിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട കടുത്ത മത്സരത്തില്‍ 30 നീക്കങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇതോടെ നാളെ നടക്കുന്ന ടൈ ബ്രേക്കറിലാവും വിജയിയെ നിര്‍ണയിക്കുക.
വെള്ള കരുക്കളുമായി മാഗ്നസ് കാള്‍സന്‍ ആയിരുന്നു രണ്ടാം ഗെയിം ആരംഭിച്ചത്. എന്നാല്‍ മത്സരം ടൈ ബ്രേക്കറിലേക്ക് കൊണ്ടുപോകാനാണ് അഞ്ച് തവണ ലോക ചാമ്പ്യനായ നോര്‍വെ താരം തുടക്കം മുതല്‍ ശ്രമം നടത്തിയത്. ഇന്നലെ നടന്ന ആദ്യ മത്സരം 35 നീക്കങ്ങള്‍ക്ക് ശേഷമാണ് സമനിലയില്‍ അവസാനിച്ചത്.
ഭക്ഷ്യവിഷബാധത്തുടര്‍ന്ന് മികച്ച ശാരീരികാവസ്ഥയില്‍ ആയിരുന്നില്ല മാഗ്നസ് കാള്‍സന്‍ ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്. ഇതിന്‍റെ അസ്വസ്ഥതയില്‍ നിന്നും താരം പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് തോന്നിപ്പിക്കുന്നതായിരുന്നു രണ്ടാം ഗെയിമില്‍ സമനിലയ്‌ക്കായുള്ള പ്രകടനം. ഇക്കാര്യം കമന്‍റേറ്റര്‍മാര്‍ എടുത്ത് പറയുകയും ചെയ്‌തു. അതേസമയം രണ്ട് ഗ്രാൻഡ് മാസ്റ്റർമാരും തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തിനായാണ് പോരടിക്കുന്നത്.
സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചായിരുന്നു പ്രജ്ഞാനന്ദ കലാശപ്പോരിന് ഇടം നേടിയത്. 3.5-2.5 എന്ന സ്കോറിനായിരുന്നു 18-കാരനായ ഇന്ത്യന്‍ താരം മത്സരം പിടിച്ചത്. നാല് റാപ്പിഡ് ടൈബ്രേക്ക് ഗെയിമുകൾക്ക് ശേഷമാണ് അമേരിക്കന്‍ ഗ്രാൻഡ്‌മാസ്റ്ററായ ഫാബിയാനോ കരുവാന പ്രജ്ഞാനന്ദയ്‌ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചിരുന്നത്.
ഇരുവരും തമ്മിലുള്ള ആദ്യ മത്സരം 47 കരുനീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ന്നാണ് ടൈബ്രേക്കറിലൂടെ വിജയിയെ നിശ്ചയിച്ചത്. ഫാബിയാനോ കരുവാനയെ മറികടന്നതോടെ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദാണ് (Viswanathan Anand) പ്രജ്ഞാനന്ദയ്‌ക്ക് മുന്നെ ലോക ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ കളിച്ചിട്ടുള്ളത്. 2002-ല്‍ ആയിരുന്നു വിശ്വനാഥന്‍ ആനന്ദ് ചെസ് ലോകകപ്പ് ഫൈനല്‍ കളിച്ചത്. ചെന്നൈ സ്വദേശികളായ രമേഷ്ബാബു- നാഗലക്ഷ്‌മി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് പ്രജ്ഞാനന്ദ. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയും ചെസ് താരമാണ്.