ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ദക്ഷിണ കൊറിയയെ തകര്‍ത്തത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ബ്രസീലിന്‍റെ പട്ടികയിലെ മുഴുവന്‍ ഗോളുകളും പിറന്നത്. ഏഴാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ തുടങ്ങിവച്ച ഗോള്‍ വേട്ട നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, ലൂയിസ് പക്വെറ്റ എന്നിവരാണ് പൂര്‍ത്തിയാക്കിയത്.
തങ്ങളുടെ ഓരോ ഗോളും നൃത്തത്തോടെയാണ് കാനറികള്‍ ആഘോഷിച്ചത്. റിച്ചാലിസണിന്‍റെ ഗോള്‍ നേട്ടത്തിന് ശേഷം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയേയും കളിക്കാര്‍ തങ്ങളുടെ നൃത്തത്തില്‍ കൂടെക്കൂട്ടിയിരുന്നു. കളിക്കളത്തിലെ ബ്രസീല്‍ താരങ്ങളുടെ ഈ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് മുന്‍ താരവും കമന്‍റേറ്ററുമായ റോയ് കീന്‍. ബ്രസീല്‍ താരങ്ങളുടെ പ്രവൃത്തി എതിര്‍ ടീമിനോടുള്ള അനാദരവാണെന്ന് റോയ് കീന്‍ പറഞ്ഞു.
"നാല് ഗോളുകളടിച്ചപ്പോഴും അവര്‍ നൃത്തം ചെയ്യുകയാണ്. അദ്യത്തെ ഗോളിലുള്ള നൃത്തം ഞാന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ നാല് തവണയും അതവര്‍ ആവര്‍ത്തിച്ചു. അതിന് പുറമെ പരിശീലകനും അതില്‍ പങ്കാളിയായി. ഇത് എതിരാളികളോടുള്ള അനാദരവാണ്. ഈ രീതി ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഇത് നല്ല രീതിയാണെന്ന് തോന്നുന്നില്ല'', റോയ് കീന്‍ പറഞ്ഞു.
അതേസമയം തങ്ങളുടെ ഗോളാഘോഷം ആരെയും അപമാനിക്കാനായിരുന്നില്ലെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഗോള്‍ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി ദുര്‍വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഖത്തറില്‍ ചരിത്രം പിറന്നു; ടിറ്റെയ്‌ക്കും ബ്രസീലിനും കയ്യടിച്ച് ഫുട്‌ബോള്‍ ലോകം