ദോഹ : ഖത്തര്‍ ലോകകപ്പിലെ ഫേവറേറ്റുകളില്‍ മുന്നില്‍ തന്നെയുണ്ടായിരുന്ന ടീമാണ് പോര്‍ച്ചുഗല്‍. ക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ മൊറോക്കോ എതിരാളി ആയെത്തിയപ്പോള്‍ ടീമിന്‍റെ മുന്നേറ്റം എളുപ്പമാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി പറങ്കിപ്പടയ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നു.
ഇതിന് പിന്നാലെ മത്സരം നിയന്ത്രിച്ചിരുന്ന അര്‍ജന്‍റീനന്‍ റഫറിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പോർച്ചുഗൽ താരങ്ങളായ പെപ്പെയും ബ്രൂണോ ഫെർണാണ്ടസും. കളി നിയന്ത്രിച്ച റഫറിയുടെ ദേശീയത മത്സരത്തെ ബാധിച്ചുവെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
അർജന്‍റീനന്‍ റഫറി തങ്ങളുടെ കളി നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ലെന്ന് പെപ്പെ പോർച്ചുഗീസ് ടെലിവിഷനിൽ പറഞ്ഞു. "കഴിഞ്ഞ ദിവസം മെസിയും സംഘവും അവരുടെ മത്സരത്തിലെ റഫറിയിങ്ങിനെ പറ്റി മോശമായ അഭിപ്രായം പറഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി കളിച്ചു.
എന്നാല്‍ മൊറോക്കന്‍ ഗോൾ കീപ്പർ പന്ത് കൈവശം വച്ച് ഏറെ സമയം നഷ്‌ടപ്പെടുത്തി. എന്നിട്ടും എട്ട് മിനിട്ടാണ് അധിക സമയമായി നൽകിയത്. നല്ല ഫുട്ബോൾ കളിച്ച ഒരേയൊരു ടീം ഞങ്ങളാണ്.
ഞങ്ങൾ ലോകകപ്പ് നേടാൻ കഴിവുള്ള ടീമാണ്. പക്ഷെ ഞാൻ പന്തയം വയ്ക്കാം കപ്പ് ഇവർ അർജന്‍റീനയ്ക്ക് തന്നെ കൊടുക്കും" - പെപ്പെ കൂട്ടിച്ചേർത്തു.
നെതർലൻഡ്‌സുമായുള്ള ക്വാര്‍ട്ടറില്‍ റഫറി ഏറെ അധിക സമയം അനുവദിച്ചുവെന്നാണ് അര്‍ജന്‍റൈന്‍ നായകന്‍ മെസി പരാതിപ്പെട്ടിരുന്നത്. എന്നാല്‍ മൊറോക്കോ താരങ്ങള്‍ രണ്ടാം പകുതിയില്‍ ഏറെ സമയം പാഴാക്കിയിട്ടും വളരെ കുറച്ചാണ് അധിക സമയം ലഭിച്ചതെന്ന് ബ്രൂണോ ഫെർണാണ്ടസും ആവര്‍ത്തിച്ചു.
ടൂർണമെന്‍റിൽ ഇപ്പോഴും പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാരെ മത്സരങ്ങളിൽ നിയമിക്കരുതെന്നും ബ്രൂണോ ഫെർണാണ്ടസ് കൂട്ടിച്ചേര്‍ത്തു."റഫറി ആദ്യ പകുതിയിൽ രണ്ട് മിനിറ്റും രണ്ടാം പകുതിയിൽ എട്ട് മിനിറ്റും മാത്രമാണ് അധിക സമയം നല്‍കിയത്. പക്ഷെ രണ്ടാം പകുതിയില്‍ കുറഞ്ഞത് 15 നും 20 മിനിറ്റിനും ഇടയിൽ കളി നഷ്‌ടപ്പെട്ടിരുന്നു-" ബ്രൂണോ പറഞ്ഞു.
Also read: ആഫ്രിക്കൻ കരുത്തിൽ മുങ്ങി പറങ്കി കപ്പൽ; ചരിത്ര സെമിയിലേക്ക് ടിക്കറ്റെടുത്ത് മൊറോക്കോ
അതേസമയം തന്‍റെ ടീമിന്‍റെ പുറത്താവലിന് മോശം റഫറിയിങ് കാരണമായതായി കരുതുന്നില്ലെന്ന് പരിശീലകന്‍ സാന്‍റോസ് പറഞ്ഞു. "ഒന്നോ രണ്ടോ (കൂടുതൽ) അവസരങ്ങളിൽ അയാൾക്ക് ഒരു ഫൗളിന് വേണ്ടി വിളിക്കാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ചെയ്യാനാവുമായിരുന്നു. ഇപ്പോള്‍ റഫറിയെ കുറ്റപ്പെടുത്തുന്നതില്‍ അർഥമില്ല" - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.