ദോഹ: ഖത്തറില്‍ ഫുട്‌ബോളിന്‍റെ ലോകകിരീടം തേടിയെത്തിയ അര്‍ജന്‍റീനയെ സൗദി അറേബ്യ അട്ടിമറിച്ചത് ആരാധകലോകം ഏറെ ഞെട്ടലോടെയാണ് നോക്കി കണ്ടത്. നീണ്ട 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രീന്‍ ഫാല്‍ക്കണ്‍സ് തോല്‍പ്പിച്ചത്. ഖത്തറില്‍ ആഗ്രഹിച്ച തുടക്കം ലഭിക്കാതിരുന്നതിന്‍റെ നടുക്കം ഫുട്‌ബോളിന്‍റെ മിശിഹ നയിക്കുന്ന ടീമിലെ ഓരോരുത്തരിലും പ്രകടമായിരുന്നു.
മത്സരശേഷം അര്‍ജന്‍റീനയുടെ ലോക്കര്‍ റൂം തീര്‍ത്തും നിശബ്‌ദമായിരുന്നു. ഇവിടെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ സഹതാരങ്ങളുടെ നിരാശയെക്കുറിച്ച് മെസിയോട് ചോദിച്ചിരുന്നു. 'അവര്‍ മരിച്ചു' എന്ന രണ്ട് വാക്കുകളിലാണ് മെസി തന്‍റെ ഉത്തരം ഒതുക്കിയത്.
"സത്യമാണ് പറയേണ്ടതെങ്കില്‍ അവര്‍ മരിച്ചു, ഇത് വളരെ കഠിനമായ പ്രഹരമാണ്. കാരണം ലോകകപ്പ് ഈ രീതിയിൽ ആരംഭിക്കാനല്ല ഞങ്ങള്‍ ആഗ്രഹിച്ചത്. ആശ്വാസമാവുന്ന മൂന്ന് പോയിന്‍റുകൾ നേടാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഇതിന് പിന്നില്‍ ഒരു കാരണമുണ്ടാവാം. വരാനിരിക്കുന്ന കാര്യങ്ങൾക്കായി ഞങ്ങൾ തയ്യാറെടുക്കണം, നമുക്ക് വിജയിക്കണം" മെസി പറഞ്ഞു.
ഒരു മണിക്കൂറോളോം അര്‍ജന്‍റീനന്‍ താരങ്ങള്‍ ലോക്കര്‍ റൂമില്‍ തുടര്‍ന്നെങ്കിലും മെസി സംസാരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് താമസ സ്ഥലത്തേക്കുള്ള ബസ് യാത്രയിലാണ് താരം സംസാരിച്ചത്. അര്‍ജന്‍റീനയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ക്ലാരിനില്‍ ഇതിന്‍റെ വിശദാംശമുണ്ട്.
'പ്രതികാരം തേടുന്നു’ എന്ന തലക്കെട്ടോടെയാണ് പത്രം ഇതുപ്രസിദ്ധീകരിച്ചത്. "ഈ സംഘം എങ്ങനെ രൂപപ്പെട്ടു എന്ന് കാണിക്കാനുള്ള അവസരമാണിത്, എന്നത്തേക്കാളും ശക്തരാകുക, മുന്നോട്ട് നോക്കുക'' മെസി പറഞ്ഞതായി ക്ലാരിന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
Also read:ആന്തരിക രക്തസ്രാവം, താടിയെല്ല് ഒടിഞ്ഞു; സൗദിക്ക് നൊമ്പരമായി യാസര്‍ അല്‍ ഷെഹ്‌രാനി