ഖത്തർ : ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ നിർണായകമായ മത്സരത്തിൽ ക്രൊയേഷ്യ ബെൽജിയത്തെ നേരിടുമ്പോൾ, മെക്‌സിക്കോ കാനഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് രണ്ട് മത്സരങ്ങളും. ഇതിൽ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും, ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയവും തമ്മിലുള്ള മത്സരത്തിലേക്കാകും ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
ക്രൊയേഷ്യ vs ബെൽജിയം : രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഉൾപ്പടെ നാല് പോയിന്‍റുമായി ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്‍റുള്ള ബെൽജിയം മൂന്നാം സ്ഥാനത്താണ്. അതിനാൽ തന്നെ ഇവരിൽ ഒരാൾക്ക് മാത്രമേ ഖത്തറിൽ പ്രീക്വാർട്ടറിൽ പന്തുതട്ടാൻ സാധിക്കുകയുള്ളൂവെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
മൊറോക്കോയോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയുടെ ഭാരത്തോടെയാണ് ബെല്‍ജിയം എത്തുന്നത്. മറുവശത്ത് കാനഡയെ 4-1 ന് തകര്‍ത്താണ് ക്രൊയേഷ്യയുടെ വരവ്. മത്സരം ജയിച്ചാലോ സമനിലയായാലോ ക്രൊയേഷ്യക്ക് മുന്നേറാം. ഇനി ഒരുപക്ഷേ തോൽവി വഴങ്ങിയാൽ കാനഡയോട് മൊറോക്കോ തോറ്റാലും ക്രൊയേഷ്യക്ക് സാധ്യതകളുണ്ട്. അപ്പോഴും ഗോൾ വ്യത്യാസം നിർണായകമാകും. മറുവശത്ത് ബെൽജിയത്തിന് വിജയം മാത്രമാണ് മുന്നിലുള്ള ഏക വഴി.
കെവിൻ ഡി ബ്രുയിനെ, ഏയ്‌ഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, തിബോ കോർട്ട്വ തുടങ്ങി വൻ താരനിരയുണ്ടെങ്കിലും അവരുടെ ഫോമില്ലായ്‌മയാണ് ബെൽജിയത്തിന് തിരിച്ചടിയാകുന്നത്. ഹസാർഡും ലുക്കാക്കുവും പരുക്കും മോശം ഫോമും കൊണ്ട് വലയുകയാണ്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് ബെൽജിയത്തിന് ഇതുവരെ നേടാനായത്.
അതേസമയം കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യ ഇത്തവണയും ചരിത്രം ആവർത്തിക്കാനുറച്ചാണ് കളത്തിലെത്തുന്നത്. സൂപ്പർ താരം ലൂക്ക മോഡ്രിച്ചിന്‍റെ നേതൃത്വത്തിൽ കരുത്തരായ നിരയുമായാണ് ക്രൊയേഷ്യ ഇത്തവണ ഖത്തറിലേക്കെത്തിയത്. ഇവാൻ പെരിസിച്, ആന്ദ്രെ ക്രാമിക് തുടങ്ങിയ താരങ്ങളടങ്ങുന്ന മുന്നേറ്റ നിരയും ലൂക്ക മോഡ്രിച്ച്, മാറ്റിയേ കൊവാസിച്ച്, മാർസെലോ ബ്രോസോവിച്ച് എന്നീ മധ്യനിര താരങ്ങളും ക്രൊയേഷ്യയ്‌ക്ക് കരുത്ത് കൂട്ടും.
മൊറോക്കോ vs കാനഡ : മറുവശത്ത് സ്വപ്‌ന കുതിപ്പുമായാണ് മൊറോക്കോ ഗ്രൂപ്പിൽ മുന്നേറുന്നത്. മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറ്റിമറിച്ചത്. റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച മൊറോക്കോ ക്രൊയേഷ്യക്കെതിരെ ഗോൾ രഹിത സമനിലയും നേടിയിരുന്നു. കാനഡയ്‌ക്കെതിരായ മത്സരത്തിൽ വിജയിക്കാനായാൽ മൊറോക്കോയ്‌ക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനാകും.
ALSO READ: പോളണ്ടും കടന്ന് അർജന്‍റീന; മെസിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഉൾപ്പടെ നാല് പോയിന്‍റുമായി ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് മൊറോക്കോ. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത കാനഡ പോയിന്‍റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ടീം ഇതിനോടകം തന്നെ പുറത്തായതുമാണ്. ലോകകപ്പിലെ വമ്പൻമാർക്കെതിരെ വിജയവും സമനിലയും സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ കാനഡയെ തകർത്ത് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുക എന്നതാകും മൊറോക്കോയുടെ ലക്ഷ്യം.