ദോഹ : ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്‌റ്റിനെ ഇന്നറിയാം. ഒന്നാം സെമിയില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അർജന്‍റീനയും ക്രൊയേഷ്യയും തമ്മിലാണ് പോരടിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം.
ലയണൽ മെസിയുടെ അർജന്‍റീനയും ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയും മുഖാമുഖമെത്തുമ്പോള്‍ തീ പാറുമെന്നുറപ്പ്. ഖത്തറിലെ ആദ്യ മത്സരത്തില്‍ സൗദിയോടേറ്റ തോല്‍വിയോടെ തുടങ്ങിയ അര്‍ജന്‍റീന ക്വാർട്ടറിൽ നെതർലാൻഡ്സിനെ മറികടന്നാണ് സെമിയുറപ്പിച്ചത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ മാത്രം തോൽപ്പിച്ച ക്രൊയേഷ്യ ക്വാർട്ടറിൽ ബ്രസീലിനെ തകർത്താണ് മുന്നേറിയത്.
സാക്ഷാല്‍ മെസി നേതൃത്വം നല്‍കുന്ന ലാറ്റിനമേരിക്കന്‍ കളിയഴകിനെ ഡിഫന്‍സീവ് ഫുട്ബാളിനാല്‍ തളച്ചിടാന്‍ തന്നെയാവും ക്രൊയേഷ്യ ഇത്തവണയും ശ്രമം നടത്തുക. വമ്പന്മാരായ ബ്രസീലിന് മടക്ക ടിക്കറ്റ് നല്‍കിയ ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അവസാന ചിരി ക്രൊയേഷ്യയ്‌ക്കാവും. എന്നാല്‍ അടച്ച് കെട്ടിയ ഏത് പ്രതിരോധക്കോട്ടയിലും വിള്ളല്‍ വീഴ്‌ത്താന്‍ കഴിവുള്ള മെസിപ്പടയെ പിടിച്ചുകെട്ടുക അത്ര എളുപ്പമാവില്ലെന്ന് ഉറപ്പ്.
അതേസമയം കഴിഞ്ഞ ലോകകപ്പിലെ ഒരു പഴയ കണക്കും ക്രോയേഷ്യയോട് അര്‍ജന്‍റീനയ്‌ക്ക് ഇത്തവണ തീര്‍ക്കാനുണ്ട്. 2018ലെ റഷ്യന്‍ ലോകകപ്പിലെ വേദനയുടെ നീറ്റലാണ് ഖത്തറില്‍ മാറ്റേണ്ടത്. അന്ന് പ്രീക്വാര്‍ട്ടറുറപ്പിക്കാനിറങ്ങിയ അര്‍ജന്‍റീനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മോഡ്രിച്ചും ടീമും തകര്‍ത്ത് വിട്ടത്.
നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ലുസൈൽ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഈ തോല്‍വിക്ക് മെസിപ്പട കണക്ക് ചോദിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മറിച്ചാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ക്രൊയേഷ്യയ്‌ക്ക് ഫൈനലുറപ്പിക്കാം.
സാധ്യത - ആദ്യ ഇലവൻ
അർജന്‍റീന : എമിലിയാനോ മാർട്ടിനെസ്, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക്അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
ക്രൊയേഷ്യ : ഡൊമിനിക് ലിവകോവിച്ച്, ജോസിപ് ജുറനോവിച്ച്, ഡെജൻ ലോവ്രെൻ, ജോസ്കോ ഗ്വാർഡിയോൾ, ബോർണ സോസ, ലൂക്ക മോഡ്രിച്ച്, മാഴ്സെലോ ബ്രോസോവിച്ച്, മാറ്റിയോ കൊവാസിച്, ആന്ദ്രെ ക്രമാരിക്, മരിയോ പസാലിക്, ഇവാൻ പെരിസിച്ച്.