ഖത്തർ: ലോകകപ്പ് ഫുട്‌ബോൾ കാണാനായി ആതിഥേയ രാജ്യത്ത് എത്തുന്നവരുടെ ലക്ഷ്യം കേവലം മത്സരം മാത്രം കണ്ട് മടങ്ങുക എന്നതല്ല. ഫുട്‌ബോൾ മത്സരം നടക്കുന്ന കാലയളവിൽ ആ രാജ്യത്തെ ആഘോഷങ്ങളിൽ പങ്കുചേരാൻ കൂടിയാണ് ഓരോരുത്തരും എത്തുന്നത്. എന്നാൽ അത്തരം ആഘോഷങ്ങൾ ലക്ഷ്യം വച്ച് ഖത്തറിലേക്ക് വണ്ടി കയറാൻ ഒരുങ്ങുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നന്നായിരിക്കും. കാരണം ലോകകപ്പിന് ഖത്തർ ഒരുങ്ങുന്നത് കടുത്ത നിയന്ത്രണങ്ങളുമായാണ്.
മദ്യ നിരോധനം, ലൈംഗിക നിരോധനം ഉൾപ്പെടെ രാജ്യത്ത് എത്തുന്നവർക്ക് കടുത്ത നിയമങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഖത്തർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇവ ലംഘിച്ചാൽ ഏത് രാജ്യത്ത് ഉള്ളവരായാലും ഖത്തറിന്‍റെ നിയമം അനുസരിച്ച് കടുത്ത ശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടിയും വരും. കൂടാതെ മയക്കുമരുന്ന് കടത്തലിനും ഉപയോഗത്തിനും കനത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് നടക്കുന്ന കാലയളവിൽ കർശന ലൈംഗിക നിയന്ത്രണം നടപ്പാക്കാനാണ് ഖത്തർ തീരുമാനിച്ചിട്ടുള്ളത്. വിവാഹേതര ലൈംഗിക ബന്ധത്തെ ശക്‌തമായി എതിർക്കുന്ന രാജ്യമാണ് ഖത്തർ. അതിനാൽ തന്നെ ഖത്തറിൽ മത്സരം കാണാന്‍ എത്തുന്നവർ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് സാരം. അവിവാഹിതരായ സ്‌ത്രീ പുരുഷന്മാർ ഒരുമിച്ച് താമസിക്കുന്നതിനും വിലക്കുണ്ട്.
വ്യത്യസ്‌ത കുടുംബ പേരുള്ള അവിവാഹിതരായ സ്‌ത്രീ പുരുഷന്മാരെ ഹോട്ടൽ ബുക്കിങ്ങുകളിൽ നിന്ന് വിലക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വവർഗ ലൈംഗികതയ്‌ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. പൊതുസ്ഥലത്ത് ശരിയായി വസ്‌ത്രം ധരിക്കാത്തവർക്കും മദ്യപാന പാർട്ടികളിൽ ഏർപ്പെടുന്നവർക്കും ശിക്ഷ ലഭിക്കും. പൊതുസ്ഥലത്ത് പുരുഷന്മാരും സ്‌ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവും ലഭിച്ചേക്കും. അതേസമയം ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറില്‍ എത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പൊലീസും അറിയിച്ചിട്ടുണ്ട്.