ബർമിങ്ഹാം: നാളെ(28-7-2022) ആരംഭിക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ പിവി സിന്ധു ഇന്ത്യയുടെ പതാകയേന്തും. ഒളിമ്പ്യൻ നീരജ് ചോപ്ര പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിൻമാറിയതോടെയാണ് സിന്ധുവിന് അവസരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് സിന്ധു കോമണ്‍വെൽത്തിൽ ഇന്ത്യൻ പതാകയേന്തുന്നത്.
2016ലെ റിയോ ഒളിമ്പിക്‌സിലും 2020ലെ ടോക്കിയോ ഒളിമ്പിക്‌സിലും മെഡൽ നേടിയ സിന്ധു 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലാണ് ആദ്യമായി ഇന്ത്യൻ പതാകയേന്തിയത്. സിന്ധുവിനൊപ്പം ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നും പതാകയേന്തുന്നതിനായി പരിഗണിച്ചിരുന്നു.
ഐഒഎ ആക്ടിങ് പ്രസിഡന്‍റ് അനിൽ ഖന്ന, ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത, ഐഒഎ ട്രഷറർ ആനന്ദേശ്വർ പാണ്ഡെ, ടീം ഇന്ത്യ ഷെഫ് ഡി മിഷൻ രാജേഷ് ഭണ്ഡാരി എന്നിവരടങ്ങുന്ന നാലംഗ സമിതിയാണ് മൂന്ന് അത്‌ലറ്റുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ഒടുവിൽ ഖന്നയും മേത്തയും സിന്ധുവിനെ തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിലെ പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യൻ സംഘത്തിൽ നിന്ന് പരമാവധി 164 പേർക്ക് പങ്കെടുക്കാമെന്ന് രാജേഷ് ഭണ്ഡാരി അറിയിച്ചു. നാളെ മുതൽ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. 214 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 321 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.