ക്വാലാലംപൂർ : ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധുവും എച്ച്എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിത സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ ചൈനയുടെ ഷാങ് യി മാനിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു വെറും 28 മിനിട്ടുകൊണ്ട് എതിരാളിയെ കീഴടക്കി. സ്‌കോര്‍: 21-12, 21-10.
ക്വാര്‍ട്ടറില്‍ കടുത്ത എതിരാളിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. ചൈനീസ് തായ്‌പേയിയുടെ ലോക രണ്ടാം നമ്പർ തായ് സു യിങ്ങാണ് സിന്ധുവിന്‍റെ എതിരാളി. മലേഷ്യൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം തായ് സു യിങ്ങിന്‍റെ മുന്നിൽ മുട്ടുമടക്കിയിരുന്നു.
പുരുഷ വിഭാഗം സിംഗിൾസ് രണ്ടാം റൗണ്ടില്‍ തായ്‌വാൻ താരം വാങ് സു വെയ്‌യെയാണ് പ്രണോയ് തോൽപ്പിച്ചത്. 44 മിനിട്ട് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്‍റെ വിജയം. സ്‌കോർ: 21-19, 21-16
എന്നാല്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലി ഷെ ഫെങ്ങാണ് പ്രണീതിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനീസ് താരത്തിന്‍റെ വിജയം. മത്സരം 42 മിനിട്ട് കൊണ്ട് അവസാനിച്ചു. സ്‌കോര്‍: 21-14, 21-17.