ലഖ്‌നൗ: സയ്യിദ് മോദി ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യൻ സൂപ്പർതാരം പിവി സിന്ധു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തായ്‌ലൻഡിന്‍റെ സുപാനിഡ കേറ്റ്‌തോംഗിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ വിജയം. സ്കോർ:11-21, 21-12, 21-17
ഒരു മണിക്കൂർ അഞ്ച് മിനിട്ട് നീണ്ട മത്സരത്തിൽ ലോക റാങ്കിംഗില്‍ 30-ാം സ്ഥാനത്തുള്ള സുപാനിഡയോട് ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷം ശക്‌തമായ തിരിച്ചുവരവിലൂടെയാണ് സിന്ധു മത്സരം പിടിച്ചടക്കിയത്. ആദ്യ സെറ്റ് 11-21 ന് ദയനീയമായി പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ സെറ്റ് 21-12നും, മൂന്നാമത്തെ സെറ്റ് 21-17നും സിന്ധു സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്‌ച നടന്ന ഇന്ത്യ ഓപ്പണിൽ സുപാനിഡ കേറ്റ്‌തോംഗാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. അതിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഈ വിജയം. സെമിയിൽ റഷ്യയുടെ എവ്‌ജെനിയ കൊസെറ്റ്‌സ്‌കായയാണ് സിന്ധുവിന്‍റെ എതിരാളി.
ALSO READ: Carabao Cup: ഫൈനലിൽ തീ പാറും; ചെൽസി ലിവർപൂളിനെ നേരിടും
നേരത്തെ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് ലോക 79-ാം നമ്പർ താരം അർനോഡ് മെർക്കലിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്കോർ: 21-19, 21-16. സെമിയിൽ ഇന്ത്യയുടെ മിഥുൻ മഞ്ജുനാഥാണ് അർനോഡിന്‍റെ എതിരാളി.