മാഡ്രിഡ്: ലാ ലിഗയിലെ മിന്നും പ്രകടനം ഖത്തര്‍ ലോകകപ്പിലും തുടരുകയാണ് സ്പാനിഷ് കൗമാരതാരം പാബ്ലോ ഗാവി. ഇതിനകം തന്നെ ഫുട്‌ബോള്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയ 18കാരനായ ഗാവി സ്പാനിഷ് രാജകുമാരി ലിയോനറിന്‍റെ ഹൃദയം കീഴടക്കിയതായാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖത്തറില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ 17കാരിയായ ലിയോനര്‍ ഗാവിയുടെ ഒപ്പ് ചോദിച്ച് വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മത്സര ശേഷം സ്‌പെയിന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഫിലിപ്പ് ആറാമന്‍ രാജാവ് നേരിട്ടെത്തിയിരുന്നു. ഈ സമയം ഗാവിയില്‍നിന്ന് അദ്ദേഹം ഒരു ജഴ്‌സി ഒപ്പിട്ടുവാങ്ങുകയും ചെയ്‌തു.
ഇത് മകള്‍ ലിയോനറിന്‍റെ ആവശ്യപ്രകാരമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിയോനറിന്‍റെ അളവിലുള്ള ജഴ്‌സിയിലാണ് ഗാവി ഒപ്പിട്ടത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ആരാധികയായ ലിയോനര്‍ താരത്തിന്‍റെ ഫോട്ടോ ആല്‍ബം സൂക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാഴ്‌സ താരമായ ഗാവി 2021 നവംബറിലാണ് സ്‌പെയിന്‍ ടീമിലെത്തിയത്. യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ ഇറ്റലിക്കെതിരെ അരങ്ങേറിയ താരം നിലവിലെ സ്‌പാനിഷ് ടീമിന്‍റെ മധ്യനിരയില്‍ പ്രധാനിയാണ്. അതേസമയം വെയ്ല്‍സിലെ യുഡബ്ല്യുസി അറ്റ്ലാന്‍റിക് കോളജിലെ വിദ്യാര്‍ഥിയാണ് ലിയോനര്‍.
കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. ഇതില്‍ അഞ്ചാമത്തെ ഗോള്‍ നേടിയത് ഗാവിയാണ്. ഇതോടെ ലോകകപ്പിലെ ഗോള്‍ സ്‌കോറര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും ഗാവിയ്‌ക്ക് കഴിഞ്ഞു.