ചെറിയ ഇടവേളയ്‌ക്ക് ശേഷം യൂറോപ്യൻ മൈതാനങ്ങളിൽ വീണ്ടും കാല്‍പ്പന്ത് മേളം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 2023-24 സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ പരാജയപ്പെടുത്തിയാണ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. ബേൺലിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ ജയം.
എർലിങ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ മധ്യനിരതാരം റോഡ്രിയുടെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോൾ. ചാമ്പ്യൻഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ബേൺലി സിറ്റിക്ക് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല.
വമ്പൻമാരായ ലിവർപൂൾ, ആഴ്‌സണൽ, ചെൽസി ടീമുകൾ ആദ്യ റൗണ്ട് മത്സരത്തിനായി ഇന്ന് ഇറങ്ങും. നോട്ടിങ്‌ഹാം ഫോറസ്റ്റാണ് ആഴ്സണലിന്‍റ എതിരാളികൾ. കഴിഞ്ഞ സീസണിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായ പീരങ്കിപ്പട കിരീടപ്പോരാട്ടം കടുപ്പിക്കാൻ മികച്ച താരങ്ങളെയാണ് ടീമിലെത്തിച്ചത്. ബ്രീട്ടീഷ് റെക്കോഡ് തുകയിൽ വെസ്‌റ്റ്‌ഹാമിൽ നിന്ന് ഡെക്ലാൻ റൈസ്, ചെൽസിയിൽ നിന്ന് കായ് ഹാവേർട്‌സ്, അയാക്‌സിൽ നിന്ന് പ്രതിരോധ താരം ജൂറിയൻ ടിംബർ എന്നിവരാണ് ഇവരിൽ പ്രധാനികൾ. ബെന്‍റ്‌ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റയയും എമിറേറ്റ്സിലെത്തിയിട്ടുണ്ട്.
ഇന്നത്തെ മറ്റു മത്സരങ്ങളിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമുകളായ ലൂട്ടൺ ക്ലബ്, ബ്രൈറ്റണിനെ നേരിടുമ്പോൾ ഷെഫീൽഡ് യുണൈറ്റഡിന്‍റെ എതിരാളികൾ ക്രിസ്റ്റൽ പാലസാണ്. കരുത്തരായ ലിവര്‍പൂളും ചെല്‍സിയും മുഖാമുഖം വരുന്ന മത്സരത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. ടീമിൽ അടിമുടി മാറ്റങ്ങളുമായാണ് ചെൽസി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ടീമിലെ നിരവധി താരങ്ങളെയാണ് ഈ ട്രാൻസ്‌ഫർ മാർക്കറ്റിൽ വിറ്റൊഴിച്ചത്. പകരം യുവതാരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. റഹീം സ്റ്റെര്‍ലിങ്, എന്‍സോ ഫെര്‍ണാണ്ടസ്, ക്രിസ്‌റ്റഫര്‍ എന്‍കുങ്കു, ബെന്‍ ചില്‍വെല്‍, റീസെ ജയിംസ് തുടങ്ങി താരങ്ങളും ടീമിലുണ്ട്.
മറുവശത്ത് ജെയിംസ് മിൽനർ, ജോർദാൻ ഹെൻഡേഴ്‌സൺ, ഫാബീഞ്ഞോ, ഫിർമിനോ, തിയാഗോ അടക്കമുള്ളവർ ടീം വിട്ടതോടെ പകരക്കാരെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ലിവർപൂൾ. അലക്‌സിസ് മക് അലിസ്റ്റർ, ഡൊമിനിക് സോബോസ്ലായ് എന്നി മധ്യനിര താരങ്ങൾ മാത്രമാണ് ടീമിലെത്തിയത്. ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സലാഹിൽ തന്നെയാണ് യുർഗൻ ക്ലോപ്പ് പ്രതീക്ഷയർപ്പിക്കുന്നത്.
ലാലിഗ ; അത്‌ലറ്റിക് ബിൽബാവോയ്‌ക്ക് എതിരായ ആദ്യ മത്സരത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന് മുന്നിൽ നിരവധി പ്രതിസന്ധികളാണുള്ളത്. മുന്നേറ്റത്തിലെ ഗോളടിയന്ത്രവും നായകനുമായിരുന്ന ബെൻസേമയുടെ വിടവ് നികത്താനായിട്ടില്ല. ഇതോടെ യുവതാരങ്ങളായ വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ, എസ്പാന്യോളിൽ നിന്ന് എത്തിയ ജോസെലു മാറ്റോ എന്നിവർക്കായിക്കും ഗോളടിയുടെ ചുമതല.
അതോടൊപ്പം തന്നെ പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായ ഒന്നാം നമ്പർ ഗോൾകീപ്പർ തിബോ കോർട്ടോയ്‌ക്ക് പകരം പരിചയസമ്പന്നനായ താരത്തിന്‍റെ അഭാവം ഗോൾബാറിന് താഴെ റയലിന് വെല്ലുവിളിയാകും. കാൽമുട്ട് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നതോടെ ആറുമാസത്തോളം വിശ്രമം ആവശ്യമാണെന്നാണ് ടീം വിദഗ്‌ദർ നൽകുന്ന വിവരം. ഇതോടെ യുവതാരം ആൻഡ്രി ലുനിൻ ആയിരിക്കും ഗോൾവല കാക്കുക. എന്നാൽ തിരക്കേറിയ മത്സരങ്ങൾ വരുന്നതോടെ പരിചയ സമ്പന്നനായ മറ്റൊരു ഗോൾകീപ്പറുടെ സേവനം റയലിന് അനിവാര്യമാകുമെന്നുറപ്പാണ്.
ഏറെ പ്രതീക്ഷയോടെ തുർക്കി ക്ലബായ ഫെനർബാഷെയിൽ നിന്നെത്തിച്ച യുവതാരം ആർഡ ഗ്യൂളർ പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ഡോർട്‌മുണ്ടിൽ നിന്നെത്തിച്ച ജൂഡ് ബെല്ലിങ്ഹാം ലാലിഗയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. പരിചയസമ്പന്നരായ ലൂക മോഡ്രിച്ച്, ടോണി ക്രൂസ് യുവതാരങ്ങളായ കാമവിംഗ, ചൗമേനി, ബ്രാഹിം ഡിയാസ് തുടങ്ങിയ താരങ്ങളിലാണ് റയലിന്‍റെ പ്രതീക്ഷ.
റയലിന്‍റെ പ്രധാന എതിരാളികളും നിലവിലെ ചാമ്പ്യൻമാരുമായ ബാഴ്‌സലോണയ്‌ക്ക് ഗെറ്റാഫെയാണ് എതിരാളികൾ. പരിശീലകൻ സാവിയുടെ കീഴിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതാണ് ടീമിന്‍റെ പ്രതീക്ഷ. പ്രീ സീസണിൽ മികച്ച പ്രകടനമാണ് യുവതാരങ്ങൾ പുറത്തെടുത്തത്.
ബുണ്ടസ്‌ലീഗ ; സൂപ്പർ കപ്പ് മത്സരത്തോടെയാണ് ജർമനിയിൽ പുതിയ സീസണിന് തുടക്കമാകുന്നത്. ഫൈനൽ മത്സരത്തിൽ ബയേൺ മ്യൂണിക് ആർബി ലെയ്‌പ്‌സിഗിനെ നേരിടും. ടോട്ടൻഹാമിൽ നിന്ന് ബയേണിൽ ചേർന്ന ഹാരി കെയ്‌ൻ ഈ മത്സരത്തിൽ കളിക്കുമെന്നാണ് സൂചന. 120 മില്യൺ പൗണ്ടിന്‍റെ വമ്പൻ കരാറിലാണ് 30-കാരനായ ഇംഗ്ലീഷ് നായകൻ ബയേണിലേക്ക് ചേക്കേറുന്നത്.
ലീഗ് വൺ ; ഫ്രഞ്ച് ലീഗ് ജേതാക്കളായ പിഎസ്‌ജിയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. എഫ്‌സി ലോറിയന്‍റാണ് എതിരാളികൾ. കരാർ പുതുക്കാൻ വിസമ്മിതിച്ചതോടെ ക്ലബുമായി തുറന്ന പോരിന് കളമൊരുക്കിയ കിലിയൻ എംബാപ്പെയെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. വൈറൽ അണുബാധയെത്തുടർന്ന് നെയ്‌മറിന്‍റെ സേവനവും ചാമ്പ്യൻമാർക്ക് നഷ്‌ടമായേക്കും. ഗാൽറ്റിയറിന് പകരം പരിശീലക സ്ഥാനമേറ്റെടുത്ത ലൂയിസ് എൻറിക്വെയുടെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങാനാകും പിഎസ്‌ജിയുടെ ശ്രമം.