ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ആഴ്‌സണലാണ് ലീഗിലെ എട്ടാം മത്സരത്തില്‍ സിറ്റിയെ തകര്‍ത്തത് (Arsenal beat Manchester City). എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആതിഥേയരായ ആഴ്‌സണലിന്‍റെ ജയം (Arsenal vs Manchester City Match Result). ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് (Gabriel Martinelli) മത്സരത്തിലെ ഗോള്‍ സ്‌കോറര്‍.
അവസാന മത്സരത്തില്‍ വോള്‍വ്‌സിനോട് (Wolves) തോല്‍വി വഴങ്ങിയാണ് മഞ്ചസ്റ്റര്‍ സിറ്റി എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. മൊലിനെക്‌സ് സ്റ്റേഡിയത്തില്‍ അന്ന് 2-1 എന്ന സ്‌കോറിനായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ വോള്‍വ്‌സിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഈ തോല്‍വിയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യമായിരുന്നു പെപ് ഗാര്‍ഡിയോളയ്‌ക്കും സംഘത്തിനും.
വമ്പന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ഗോള്‍ മഴയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കരുതലോടെ പന്ത് കൈവശം വച്ച് കളിക്കാനായിരുന്നു ഇരു ടീമും ശ്രമിച്ചത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളവസരങ്ങളും സൃഷ്‌ടിക്കാന്‍ സാധിച്ചിരുന്നില്ല.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 86-ാം മിനിട്ടിലാണ് ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്‌സണലിനായി ഗോള്‍ നേടിയത്. കൈല്‍ ഹാവെര്‍ട്‌സ് നല്‍കിയ പാസില്‍ നിന്നാണ് മാര്‍ട്ടിനെല്ലി ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ആഴ്‌സണലിനായി. 18 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതാണ്. 8 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുള്ള ടോട്ടന്നമാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് (Premier League Points Table).
ലിവര്‍പൂളിന് സമനിലക്കുരുക്ക്: പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ (Liverpool) സമനിലയില്‍ പൂട്ടി ബ്രൈറ്റണ്‍ (Brighton). ബ്രൈറ്റണിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളടിച്ചാണ് ഇരു ടീമും പിരിഞ്ഞത്. ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലാ (Mohamed Salah) ഇരട്ടഗോള്‍ നേടി. സിമോണ്‍ അഡിന്‍ഗ്ര, ലൂയിസ് ഡങ്ക് എന്നിവരാണ് ബ്രൈറ്റണായി ഗോള്‍ നേടിയത്. 8 മത്സരങ്ങളില്‍ 17 പോയിന്‍റുള്ള ലിവര്‍പൂള്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
വെസ്റ്റ്ഹാം-ന്യൂകാസില്‍ യുണൈറ്റഡ് മത്സരവും വോള്‍വ്സ് ആസ്റ്റണ്‍വില്ല മത്സരവും സമനിലയിലാണ് കലാശിച്ചത്. ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാം-ന്യൂകാസില്‍ ടീമുകള്‍ രണ്ട് ഗോളുകള്‍ നേടിയാണ് പിരിഞ്ഞത്. വോള്‍വ്സ് ആസ്റ്റണ്‍വില്ല മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളുകളാണ് നേടിയത്.