ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയിച്ച് കയറിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവാണ് യുണൈറ്റഡിന് തുണയായത്.
നോര്‍വിച്ചിനായി കീറൻ ഡോവൽ, ടീമു പുക്കി എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെക്രിസ്റ്റ്യാനോ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. നോര്‍വിച് പ്രതിരോധത്തില്‍ നിന്നും പന്ത് പിടിച്ചെടുത്ത ആന്‍റണി എലാങ്കയാണ് ഗോളിന് വഴിയൊരുക്കിയത്.
32ാം മിനിട്ടില്‍ യുണൈറ്റഡ് ലീഡ് രണ്ടാക്കി. അലക്സ് ടെല്ലസിന്‍റെ കോര്‍ണര്‍ കിക്കില്‍ നിന്നും ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് ഡൊവലിലൂടെ നോര്‍വിച്ച് ഒരു ഗോള്‍ മടക്കി.
ടീമു പുക്കിയുടെ ക്രോസില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 52ാം മിനിട്ടില്‍ പുക്കിയിലൂടെ നോര്‍വിച്ച് സിറ്റി ഒപ്പം പിടിച്ചു. യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് ഡൊവല്‍ നല്‍കിയ പാസിലാണ് താരം ലക്ഷ്യം കണ്ടത്.
76ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ തന്‍റെ മൂന്നാം ഗോളും യുണൈറ്റഡിന്‍റെ വിജയ ഗോളും നേടിയത്. ഫ്രീകിക്കില്‍ നിന്നായിരുന്നു ഇത്തവണ താരത്തിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡ് 61 ശതമാനവും പന്ത് കൈവശം വച്ചിരുന്നു.
also read: Premier League | ഈ സീസണോടെ യുണൈറ്റഡ് വിടുമെന്ന് നെമാഞ്ച മാറ്റിച്ച്
ലക്ഷ്യത്തിലേക്ക് ഒമ്പത് തവണ ശ്രമം നടത്തുകയും ചെയ്‌തു. നാല് ശ്രമങ്ങളാണ് നോര്‍വിച്ച് സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. 32 മത്സരങ്ങളില്‍ 54 പോയിന്റാണ് സംഘത്തിനുള്ളത്. 32 മത്സരങ്ങളില്‍ 21 പോയിന്‍റുമായി അവസാന സ്ഥാനത്താണ് നോര്‍വിച്.