ക്വലാലംപുര്‍ : ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമനായി മലയാളി താരം എച്ച്‌എസ് പ്രണോയ്. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് പ്രണോയുടെ നേട്ടം. ഡെന്‍മാര്‍ക്കിന്‍റെ വിക്‌ടര്‍ അക്‌സല്‍സനെ പിന്തള്ളിയാണ് മലയാളി താരം ഒന്നാമനായത്.
30കാരനായ പ്രണോയിയുടെ കരിയറില്‍ ഏറ്റവും വലിയ നേട്ടമാണിത്. വേള്‍ഡ് ടൂര്‍ വിഭാഗത്തിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റുകളില്‍ ഒന്നില്‍ പോലും കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രണോയ്‌ക്ക് മുതല്‍ക്കൂട്ടായത്. ജനുവരി 11ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ 58,090 പോയിന്‍റുമായാണ് എച്ച്‌എസ് പ്രണോയ് തലപ്പത്ത് എത്തിയത്.
ഡിസംബര്‍ 18 വരെയാണ് സീസണ്‍ നീണ്ടുനില്‍ക്കുന്നത്. പുതിയ നേട്ടത്തോടെ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലെത്താനും മലയാളി താരത്തിനായി. അഞ്ച് തലങ്ങളില്‍ നടക്കുന്ന 22 ടൂര്‍ണമെന്‍റുകളില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന എട്ട് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടുക.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ഇന്ത്യ ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്തിയാണ് പ്രണോയ് സീസണ്‍ ആരംഭിച്ചത്. ഈ മാസം സയ്യദ് മോദി ഇന്‍റര്‍നാഷണലിലും താരം ക്വാര്‍ട്ടറിലെത്തി. മാര്‍ച്ചില്‍ നടന്ന ജര്‍മന്‍ ഓപ്പണിലും ക്വാര്‍ട്ടറിലെത്താന്‍ താരത്തിന് കഴിഞ്ഞു.
ഇതേമാസം നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ആദ്യറൗണ്ടില്‍ പുറത്തായെങ്കിലും തുടര്‍ന്ന് നടന്ന സ്വിസ് ഓപ്പണില്‍ റണ്ണറപ്പായി. ഫൈനലില്‍ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയോടായിരുന്നു പ്രണോയ് തോറ്റത്. ഏപ്രിൽ ആദ്യം നടന്ന കൊറിയ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ താരം മെയില്‍ നടന്ന തായ്‌ലൻഡ് ഓപ്പണിലും ആദ്യ റൗണ്ടിൽ തന്നെ കീഴടങ്ങിയിരുന്നു.
ജൂണില്‍ ഇന്തോനേഷ്യ ഓപ്പണില്‍ സെമിയിലെത്തിയ താരം, തുടര്‍ന്ന് മലേഷ്യ ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ജൂലായില്‍ മലേഷ്യ മാസ്‌റ്റേഴ്‌സില്‍ സെമിയിലും സിങ്കപ്പൂര്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലും കളിച്ചു. ഓഗസ്റ്റില്‍ ജപ്പാന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.