ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദക്ക് വീണ്ടും അട്ടിമറി വിജയം. ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്‍റായ എയർതിങ്സ് മാസ്റ്റേഴ്‌സിന്‍റെ 10, 12 റൗണ്ടുകളിൽ മുൻ ലോക ചാമ്പ്യൻ ഉൾപ്പെടെയുള്ളവരെയാണ് പ്രജ്ഞാനന്ദ അട്ടിമറിച്ചത്.
റാങ്കിങ്ങിൽ തന്നെക്കാൾ ഏറെ മുന്നിലുള്ള റഷ്യയുടെ ആൻഡ്രി എസിപെങ്കോ, മുൻ ലോകചാമ്പ്യൻ അലക്‌സാന്ദ്ര കോസ്റ്റെനിയൂക്ക് എന്നിവർക്കെതിരെയാണ് പ്രജ്ഞാനന്ദ വിജയം നേടിയത്. എസിപെങ്കോയെ 42 നീക്കങ്ങൾക്കൊടുവിലും കോസ്റ്റെനിയൂക്കിനെ 63 നീക്കങ്ങൾക്കൊടുവിലുമാണ് പ്രജ്ഞാനന്ദ കീഴടക്കിയത്.
ALSO READ: എയർതിങ്‌സ് മാസ്‌റ്റേഴ്‌സ് ചെസ് : ലോക ചാമ്പ്യൻ കാൾസണെ തകർത്ത് ഇന്ത്യന്‍ കൗമാര താരം പ്രജ്ഞാനന്ദ
ഈ വിജയങ്ങളുടെ പിൻബലത്തിൽ 15 പോയിന്‍റുമായി 12-ാം സ്ഥാനത്തേക്ക് എത്താനും പ്രജ്ഞാനന്ദക്കായി. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തുന്നവരാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുക.
13, 14, 15 റൗണ്ടുകളിൽ യഥാക്രമം ജർമ്മനിയുടെ വിൻസെന്‍റ് കീമർ, അമേരിക്കയുടെ ഹാൻസ് മോക്ക് നീമാൻ, റഷ്യൻ താരം വ്ലാഡിസ്ലാവ് ആർട്ടെമിയേവ് എന്നിവരാണ് പ്രജ്ഞാനന്ദയുടെ എതിരാളികൾ.