ന്യൂഡൽഹി: കൊവിഡ് 19 രോഗ വ്യാപനത്തെത്തുടര്‍ന്ന് ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബോക്സിങ് താരം മേരി കോം. തീരുമാനം വളരെ മികച്ചതാണെന്നും ഓരോരുത്തര്‍ക്കും നല്ലത് വരുമെന്ന് താന്‍ കരുതുന്നുവെന്നും മേരി കോം പറഞ്ഞു. ആരോഗ്യമാണ് പ്രധാനം. എല്ലാവരും വൈറസിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. എല്ലാ പൗരന്‍മാരോടും വീട്ടിലിരിക്കാനും മേരി കോം പറഞ്ഞു.
ഈ വൈറസ് ഒരു ചെറിയ കാര്യമല്ല. ജീവന് ഭീഷണിയാണെന്ന് മനസിലാക്കണം. ഇത് ആരെയും ബാധിക്കും. അതിനാലാണ് ഒളിമ്പിക്സില്‍ കാലതാമസം വരുത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. എന്നാല്‍ ഞങ്ങളുടെ പരിശീലനത്തെ ഇതൊന്നും ബാധിക്കില്ല. ഞങ്ങൾ എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ ഞങ്ങൾ തുടരും. ചെറുതും അന്തർദേശീയവുമായ എല്ലാ പരിപാടികളും റദ്ദ് ചെയ്തു.
നമ്മുടെ രാജ്യത്തെ പൗരന്മാരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അഭ്യര്‍ഥിക്കുന്നുവെന്നും മേരി കോം പറഞ്ഞു. 2020 ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കാന്‍ ഇന്നലെയാണ് ഐഒസി തീരുമാനിച്ചത്.