'ടൈറ്റ് യുവർ സീറ്റ് ബെൽറ്റ്, വി ആർ ഗോയിങ് ഫോർ എ റൈഡ്' ഈ വാചകവുമായി തുടങ്ങിയ പെപ് ഗ്വാർഡിയോള തന്ത്രങ്ങളിൽ പിറവിയെടുത്തതാണ്, പിന്നീട് ടിക്കി ടാക്ക എന്ന നൃത്തരൂപത്തിൽ ലോകം കണ്ട മികച്ച ഫുട്‌ബോൾ കേളി ശൈലി. ടോട്ടൽ ഫുട്‌ബോൾ എന്ന യോഹാൻ ക്രൈഫിന്‍റെ തന്ത്രങ്ങളും ഡച്ച് പരിശീലകൻ ലൂയി വാൻ ഗാലിന്‍റെ കൗശലങ്ങളും കോർത്തിണക്കിയാണ് ടിക്കി ടാക്ക എന്ന മനോഹര ഫുട്‌ബോളിന് ഗ്വാർഡിയോള രൂപം നൽകുന്നത്. ഒരു കാലഘട്ടത്തിലെ ഫുട്‌ബോൾ സംസ്‌കാരത്തെ തന്നെ മാറ്റിയെഴുതിയ പെപിന്‍റെ ശൈലി തുടക്കത്തിൽ നിരവധി വിമർശനങ്ങൾക്ക് ഇരയായി. എന്നാൽ ഒരു ദശാബ്‌ദത്തിലധികമായി ആധുനിക ഫുട്‌ബോളിൽ തന്‍റെ സ്വതസിദ്ധമായ ശൈലികൊണ്ട് ചരിത്രം രചിക്കുകയാണ് പെപ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജോസപ് ഗ്വാർഡിയോള.
2008 ൽ ബാഴ്‌സലോണയ്‌ക്കൊപ്പം തുടങ്ങിയ പെപിന്‍റെ കുതിപ്പ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പമാണ് എത്തിനിൽക്കുന്നത്. ഫുട്ബോളിലെ സാധ്യമായ എല്ലാ പൊസിഷനുകളും തന്‍റേതായ രീതിയിൽ പുതുക്കിപ്പണിതാണ് പെപ്പ് ടീമുകളെ നയിക്കുന്നത്. ഒരോ കാലഘട്ടത്തെയും ടീമുകൾ കളിക്കുന്ന ലീഗുകളെയും അടിസ്ഥാനമാക്കിയാണ് പെപ്പ് തന്‍റെ തത്വശാസ്‌ത്രം രൂപപ്പെടുത്തിയെടുക്കുന്നത്. 2008-2012 കാലഘട്ടത്തിൽ ബാഴ്‌സലോണയ്‌ക്കൊപ്പം സ്പെയിനിലും, 2013-2016 കാലഘട്ടത്തിൽ ബയേൺ മ്യൂണികിനൊപ്പം ജർമനിയിലും, 2017 മുതൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെയും നയിക്കുന്ന പെപ് വ്യത്യസ്‌തമാകുന്നത് ഇങ്ങനെയാണ്.
പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രീമിയർ ലീഗിൽ സ്വപ്‌നതുല്ല്യമായ കുതിപ്പാണ് മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആഴ്‌സണിലിനെ മറികടന്നാണ് സിറ്റി തുടർച്ചയായ മൂന്നാം തവണയും പ്രീമിയർ ലീഗ് സ്വന്തമാക്കുന്നത്. 2016ൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേർന്ന പെപ് ഇംഗ്ലണ്ടിൽ ആറു സീസണുകൾ പൂർത്തിയാക്കുമ്പോൾ അഞ്ച് തവണയും സിറ്റിയെ ജേതാക്കളാക്കി. ഇതിൽ തന്നെ 100 ലീഗ് പോയിന്റുകൾ നേടുന്ന ആദ്യ പ്രീമിയർ ലീഗ് ടീമെന്ന നിലയിൽ നിരവധി ആഭ്യന്തര റെക്കോർഡുകൾ തകർത്ത്, തന്റെ രണ്ടാം സീസണിൽ തന്നെ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു.
ഇതുവരെ, 2018-19 സീസണിലെ ആഭ്യന്തര ട്രെബിൾ ഉൾപ്പെടെ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും നാല് ഇഎഫ്‌എൽ കപ്പുകളും രണ്ട് എഫ്‌എ കപ്പും നേടിയിട്ടുണ്ട്. സിറ്റിക്കൊപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണ് അകന്നുനിൽക്കുന്നത്. 2021-ൽ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പെപ് ക്ലബ്ബിനെ നയിച്ചെങ്കിലും ചെൽസിയോട് തോറ്റ് കിരീടം കൈവിടുകയായിരുന്നു. ഇത്തവണ കൂടുതൽ കരുത്തോടെ കുതിക്കുന്ന സിറ്റി കന്നി ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്‌നത്തിലേക്ക് ഒരു ജയം മാത്രമകലെയാണ്. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരായ റയൽ മാഡ്രിഡിനെ സെമി ഫൈനലിൽ തകർത്തെറിഞ്ഞാണ് പെപും സംഘവും ദീർഘനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത്.
പെപ്പിന്‍റെ തന്ത്രങ്ങളും ഫിലോസഫിയും ; ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയിലാണ് പെപ് ഗ്വാർഡിയോളയുടെ ഇടം. ഹൈ പ്രസിങ്, പൊസിഷൻ ഗെയിം എന്നിവയെ സമന്വയിപ്പിച്ച് അറ്റാക്കിങ് ഫുട്‌ബോൾ കളിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പെപ്പിന്‍റെ ശൈലി. എന്നിരുന്നാലും മത്സരത്തിന്‍റെ ഗതിക്കനുസരിച്ച് തന്‍റെ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുന്നത് നമുക്ക് കാണാവുന്നതാണ്. മത്സരത്തിനിടെ നേരിടുന്ന പ്രതിസന്ധികൾ അനായാസം കൈകാര്യം ചെയ്യുകയും സാഹചര്യങ്ങൾ തന്‍റെ ടീമിന് അനുകൂലമാക്കുന്നതിൽ മിടുക്കനാണ് പെപ്പ്.
തന്റെ തന്ത്രങ്ങൾ കളത്തിൽ നടപ്പിലാക്കാൻ പാകത്തിലുള്ള താരങ്ങളെ ടീമിലെത്തിക്കുകയും അവരെ തന്‍റെതായ രീതിയിൽ വളർത്തിയെടുക്കുന്നതുമാണ് ഗ്വാർഡിയോളയുടെ പ്രധാന രീതി. ഇത്തരത്തിൽ അദ്ദേഹം പരിശീലിപ്പിച്ച ക്ലബുകളിലെല്ലാം നിരവധി താരങ്ങളെ പെപ് വളർത്തിയെടുത്തിട്ടുണ്ട്. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസി, മിഡ്‌ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്സ്, ബയേണിന്‍റെ ജോഷ്വാ കിമ്മിച്ച്, സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ എന്നിങ്ങനെ നീളുന്നതാണ് ആ പട്ടിക. ലാ മാസിയയിൽ നിന്ന് ബാഴ്‌സയുടെ സീനിയർ ടീമിലെത്തിച്ച ബുസ്‌ക്വെറ്റ്സിനെ കൂടുതൽ ആക്രമണ ഫുട്‌ബോൾ കളിക്കുന്ന സെന്‍ട്രൽ മിഡ്‌ഫീൽഡർ പെസിഷനിൽ നിന്നും ഡിഫൻസീവ് റോളിലേക്ക് മാറ്റിയെടുത്തത് പെപ്പിന്‍റെ നിർമിത ബുദ്ധിയിൽ ഉദയം ചെയ്‌തതിൽ ചിലത് മാത്രമാണ്.
ഫാൾസ് 9 ; ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫാൾസ് 9 എന്ന് വിശേഷിപ്പിക്കുന്ന ലയണൽ മെസിയെ സൃഷ്‌ടിക്കുന്നതിൽ പെപ് ഗ്വാർഡിയോളയുടെ പങ്ക് വളരെ വലുതാണ്. ഒരു സെന്‍റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന ഒരു താരം മൈതാനമധ്യത്തിലേക്ക് ഇറങ്ങിവന്ന് കൂടുതൽ സ്‌പേസുകൾ സൃഷ്‌ടിക്കുന്നതും സഹതാരങ്ങളുമൊത്ത് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനെയാണ് ഫാൾസ് 9 എന്ന പേരിട്ട് വിളിക്കുന്നത്. നേരത്തെ പരീക്ഷിച്ചു വന്നിരുന്ന രീതിയാണെങ്കിലും ഗ്വാർഡിയോളയാണ് ഈ തന്ത്രം കൂടുതൽ ജനകീയമാക്കുന്നത്.
ആധുനിക ഫുട്‌ബോളിൽ ഏറ്റവും മികച്ച രീതിയിൽ 4-3-3 ഫോർമേഷനെ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുള്ള പരിശീലകനാണ് പെപ്. സമീപകാലത്ത് പ്രതിരോധത്തിൽ മൂന്ന് താരങ്ങളെയും ഇവർക്ക് മുന്നിലായി രണ്ട് ഡിഫൻസീവ് മിഡ്‌ഫീൽഡർമാരെയും അണിനിരത്തുന്ന ശൈലിയിലേക്ക് മാറിയതായി കാണാം. കളിക്കാരുടെ ചലനങ്ങൾ, സ്‌പേസ്, മത്സരത്തിന്‍റെ ഗതി എന്നിവയെല്ലാം സൂക്ഷമമായി നിരീക്ഷിക്കുന്നതിലൂടെ, എതിരാളികളുടെ പകുതിയിലേക്ക് കുടുതൽ ആക്രമണങ്ങൾ നടത്താനും ഇതിലൂടെ കൗണ്ടർ അറ്റാക്കുകൾ ഇല്ലാതാക്കുന്ന രീതിയാണ് ഗ്വാർഡിയോള മൈതാനത്ത് നടപ്പിലാക്കുന്നത്.
കരിയർ; 2006ൽ കളിക്കാരനായി പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച ഗ്വാർഡിയോള തൊട്ടടുത്ത വർഷം തന്നെ ബാഴ്‌സലോണ ബി ടീമിന്‍റെ പരിശീലക ചുമതലയേറ്റെടുത്തു. മനേജറായ ആദ്യ സീസണിൽ തന്നെ ടെർസെറ ഡിവിഷൻ കിരീടം നേടിയ ബി ടീമിനെ സെഗുണ്ട ബി ഡിവിഷൻ യോഗ്യത നേടിക്കൊടുക്കുകയും ചെയ്‌തു. ഇതോടെയാണ് 2007-08 സീസണിന്‍റെ അവസാനത്തിൽ ഫ്രാങ്ക് റൈകാർഡിന് പകരക്കാരനായി ഗ്വാർഡിയോളയെ ബാഴ്‌സലോണ സീനിയർ ടീമിന്‍റെ മാനേജരായി നിയമിക്കുമെന്ന് പ്രസിഡന്‍റ് ജോവാൻ ലപോർട്ട പ്രഖ്യാപിച്ചത്. പരിശീലകസ്ഥാനം ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ ബാഴ്‌സലോണയെ ലാ ലിഗ, കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടി ട്രെബിളിലേക്ക് നയിച്ചു.
2011ൽ ക്ലബ്ബിനെ മറ്റൊരു ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ഡബിൾ കിരീടത്തിലേക്ക് നയിച്ചതോടെ, ഗ്വാർഡിയോളയ്ക്ക് സ്‌പെയിനിലെ പരമോന്നത ബഹുമതിയായ കറ്റാലൻ പാർലമെന്‍റിന്‍റെ സ്വർണ മെഡൽ ലഭിച്ചു. അതേ വർഷം തന്നെ, ഫിഫ ലോക പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു. 2012ൽ 14 കിരീടങ്ങളുമായി തന്‍റെ നാല് വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ചു. 2013ൽ ബയേൺ മ്യൂണികിൽ ചേർന്ന പെപ് ഗ്വാർഡിയോള തന്‍റെ മൂന്ന് സീസണുകളിൽ രണ്ട് ആഭ്യന്തര ഡബിൾ കിരീടങ്ങൾ ഉൾപ്പെടെ മൂന്ന് ബുണ്ടസ്‌ലിഗ കിരീടങ്ങൾ നേടി. ജർമൻ വമ്പൻമാർക്കൊപ്പം ക്ലബ് വേൾഡ് കപ്പും ജർമൻ കപ്പും ഓരോ തവണ നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയെ തുടർച്ചയായി മൂന്നാം പ്രീമിയർ ലീഗ് കിരീടത്തിലെത്തിച്ച പെപ് ഗ്വാർഡിയോള മറ്റൊരു റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് വ്യത്യസ്‌ത ലീഗുകളിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ പരിശീലകനാണ് പെപ്. 2008-2011 വരെയുള്ള മൂന്ന് സീസണുകളിൽ ലാലിഗയിൽ ബാഴ്‌സലോണയെ കിരീടമണിയിച്ച പെപ് 2013 മുതലുള്ള മൂന്ന് സീസണുകളിലാണ് ബയേൺ മ്യൂണികിനെ ബുണ്ടസ്‌ലീഗ ജേതാക്കളായത്. 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിയെ കളിപഠിപ്പിക്കുന്ന ഗ്വാർഡിയോള 2020-21 മുതൽ ഈ സീസൺ വരെയാണ് തുടർച്ചയായി മൂന്ന് തവണ പ്രീമിയർ ലീഗ് നേടിക്കൊടുത്തത്.