പാരിസ്: കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലമായി പുരുഷ ടെന്നീസ് സിംഗിൾസിലെ അതികായൻമാരാണ് റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണടക്കം അവസാന 72 ഗ്രാൻഡ് സ്ലാം ടൂർണമെന്‍റുകളിൽ 71ലും ഇവരിൽ ഒരാളെങ്കിലും അവസാന നാലിൽ വന്നിട്ടുണ്ടത്രേ..! അതിൽ തന്നെ പത്തെണ്ണത്തിൽ ഒഴികെ ബാക്കി 62 എണ്ണത്തിലും കിരീടവും ഈ ബിഗ് ത്രീക്ക് തന്നെയാണ്.
പരിക്കും മറ്റ് കാരണങ്ങളും മൂലം ഇവർ ചില ഗ്രാന്‍ഡ് സ്ലാമുകളിൽ നിന്ന് വിട്ടുനിന്നിട്ടുമുണ്ട്. ഇവരില്ലാതെ ഇക്കാലയളവിൽ നടന്ന ഏക ഗ്രാന്‍ഡ് സ്ലാം സെമി 2020 ലെ യുഎസ് ഓപ്പണാണ്. അത് പോലും ഫെഡററും റാഫയും വിട്ടുനിന്നതുകൊണ്ടും ജോക്കോവിച്ച് അമ്പയറുടെ ദേഹത്ത് പന്തടിച്ചതിന് പുറത്താക്കപ്പെട്ടതുകൊണ്ടും മാത്രം..!
72 ഗ്രാൻഡ് സ്ലാം എന്നാൽ പതിനെട്ട് വർഷം സമയം വരും. ടെന്നീസിൽ പോയിട്ട് മറ്റേതെങ്കിലും കായിക ഇനത്തിൽ ഇത്രയും പോരാട്ടം നീണ്ട് നിൽക്കുന്ന ഒരു കാലഘട്ടം അവകാശപ്പെടാനായി ഇതുപോലെ ആരും ഇല്ല എന്നതാണ് വാസ്‌തവം. സ്‌പോർട്‌സ് മെഡിസിൻ രംഗത്തെ പുരോഗതി ഇതിനൊരു കാരണമായി പറയാമെങ്കിലും ലോകത്ത് ഏറ്റവും ശാരീരിക ക്ഷമത വേണ്ടത് ഏറ്റവും ഉയർന്ന ലെവലിൽ പുരുഷ ടെന്നീസ് കളിക്കാനാണ് എന്നതോർക്കണം. ഇതിന്‍റെ വ്യാപ്‌തി ഇപ്പോൾ നമുക്ക് മനസിലാകുമോ എന്ന് സംശയകരമാണ്, ഭാവിയിൽ ഈ ദൈർഘ്യമേറിയ പോരാട്ട കാലത്തെ കൂടുതൽ വാഴ്‌ത്തപ്പെട്ടേക്കാം.
തുടക്കം മുതൽ ഇവരുടെ മത്സരങ്ങൾ കണ്ട് വളർന്ന ആളുകൾക്കിടയിൽ ഇനിയുള്ള കാലം ടെന്നീസിന്‍റെ ക്വാളിറ്റി കുറയുന്നു എന്നൊരു പരാതി വ്യാപകമാകാനാണ് സാധ്യത. മൂവരും മത്സരങ്ങളിൽ പുറത്തെടുക്കുന്ന നിലവാരവും അവർ തമ്മിലുള്ള മത്സരങ്ങളുടെ വീറും വാശിയും വേറെ ആരുടെയും മത്സരങ്ങൾക്കുണ്ടാകാറില്ല. അവിടിവിടായി ചില താരങ്ങൾ പിറവിയെടുക്കാറുണ്ടെങ്കിലും അവരൊന്നും സ്ഥിരതയുള്ളവരോ ഇവരോളം പോരാട്ടവീര്യം പുറത്തെടുത്തവരോ ആയിരുന്നില്ല. ബ്രീട്ടീഷ് താരം ആൻഡി മറെയാണ് ഒരു ചെറിയ കാലയളവിലേക്കെങ്കിലും ബിഗ് ത്രീയെ ശരിക്കുമൊന്ന് ചലഞ്ച് ചെയ്‌തത്..
ALSO READ: ഭാവിയെന്തായാലും, ചരിത്രത്തില്‍ നദാല്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു
അതുപോലെ, ഒരേ കാലഘട്ടത്തിൽ കളിക്കാൻ കഴിഞ്ഞത് മൂവരുടെയും ഭാഗ്യമാണ്. കോർട്ടിൽ പരസ്‌പരം പോരാട്ടവീര്യം പുറത്തെടുത്തത് കൊണ്ട് മാത്രമാണ് മൂവരും ഇരുപത് ഗ്രാൻഡ് സ്ലാം എന്ന അത്ഭുത നേട്ടത്തിൽ എത്തിയത്. റാഫയും ജോക്കോയും ഇല്ലായിരുന്നെങ്കിൽ ഫെഡററുടെ ഐതിഹാസികമായ 2017 ലെ തിരിച്ചുവരവ് ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് വേണം വിശ്വസിക്കാൻ.
ഗ്രാൻഡ് സ്ലാമിന്‍റെ കാര്യത്തിൽ മാത്രമല്ല മറ്റ് ടൂർണമെന്‍റുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. 62 ഗ്രാൻഡ് സ്ലാംസ്, 102 മാസ്റ്റേഴ്‌സ് കിരീടങ്ങൾ, 11 ടൂർ ഫൈനൽസ്..!! ഇനിയൊരു ഫെഡററോ റാഫയോ ജോക്കോയോ അസംഭവ്യമല്ല, എന്നാൽ ഒരേ കാലഘട്ടത്തിൽ ഇതുപോലെ മൂന്ന് പേർ ഇനിയുണ്ടാകാൻ ബുദ്ധിമുട്ടാണ്.