ലണ്ടന്‍ : വിംബിൾഡണില്‍ നിന്നും റഷ്യയിലെയും ബെലാറസിലെയും ടെന്നിസ് താരങ്ങളെ വിലക്കിയത് 'മണ്ടന്‍' തീരുമാനമെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. യുദ്ധത്തിന്‍റെ സന്തതിയായ താന്‍ ഒരിക്കലും അതിനെ പിന്തുണയ്‌ക്കുന്നില്ലെന്നും ജോക്കോ പറഞ്ഞു.
"എപ്പോഴും ഞാൻ യുദ്ധത്തെ അപലപിക്കും, യുദ്ധത്തിന്‍റെ സന്തതിയായ ഞാന്‍ ഒരിക്കലും അതിനെ പിന്തുണയ്ക്കില്ല. അതെത്രമാത്രം വൈകാരിക ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയാം. 1999-ൽ സെർബിയയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ബാൽക്കൻസില്‍ സമീപകാല ചരിത്രത്തിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്" - നൊവാക് ജോക്കോവിച്ച് പറഞ്ഞു.
ബുധനാഴ്‌ചയാണ് റഷ്യയിലെയും ബെലാറസിലെയും ടെന്നിസ് താരങ്ങളെ ഈ വർഷം വിംബിൾഡൺ കളിക്കാൻ അനുവദിക്കില്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിംബിൾഡൺ കളിക്കാനാവില്ല.
എടിപി റാങ്കിങ്ങില്‍ അടുത്തിടെ ഒന്നാം സ്ഥാനത്തെത്തിയ മെദ്‌വദേവ്, നിലവിൽ രണ്ടാം സ്ഥാനത്താണ്. ആൻഡ്രി റൂബ്ലെവ് (ലോക എട്ടാം നമ്പര്‍ പുരുഷ താരം), അരിന സബലെങ്ക (2021ലെ വിംബിൾഡൺ സെമിഫൈനലിസ്റ്റും ഡബ്ല്യുടിഎ റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയും), വിക്‌ടോറിയ അസരെങ്ക (രണ്ട് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ മുൻ വനിതാ ഒന്നാം നമ്പർ താരം), അനസ്താസിയ പാവ്ലിയുചെങ്കോവ (കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പ്) തുടങ്ങിയവരാണ് വിലക്ക് ബാധിച്ച മറ്റ് പ്രമുഖ താരങ്ങള്‍.
also read: ജോക്കോയ്‌ക്ക് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍
ജൂണ്‍ 27 മുതലാണ് വിംബിൾഡൺ ആരംഭിക്കുക. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് പല കായിക ഇനങ്ങളിലും മത്സരിക്കുന്നതിൽ നിന്ന് റഷ്യൻ അത്‌ലറ്റുകളെ വിലക്കിയിട്ടുണ്ട്. റഷ്യയെ യുദ്ധത്തില്‍ സഹായിച്ചതിനാണ് സഖ്യകക്ഷിയായ ബെലാറസ് താരങ്ങളേയും വിലക്കിയത്.