ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അഭിനന്ദനം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന്‍റെ നേട്ടത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണെന്ന് 2021-22 വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
'ഓസ്‌ട്രേലിയക്കെതിരായ ടീം ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. രാജ്യത്തെ ജനങ്ങളെന്ന നിലയ്‌ക്ക് നമ്മുടെ വലിയ നേട്ടങ്ങളില്‍ ഒന്നുമാത്രമാണിത്. രാജ്യത്തെ യുവജനങ്ങള്‍ക്ക് ഇതിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പ്രാപ്‌തിയുണ്ട്. എല്ലാവരും അതിനായി ശ്രമിക്കും. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍' നിര്‍മല സീതാരമാന്‍ പറഞ്ഞു.
വിശ്വസാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ വാക്കുകള്‍ പങ്കുവെച്ച ശേഷമായിരുന്നു അവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിന്ദിച്ചത്. പുലര്‍കാലം ഇരുള്‍ മൂടി നില്‍ക്കുമ്പോഴും പ്രകാശം വരുമെന്ന് പ്രതീക്ഷിച്ച് പാടുന്ന പക്ഷിയാണ് വിശ്വാസമെന്ന് നിര്‍മല സീതാരമാന്‍ പറഞ്ഞു.
നാല് ടെസ്റ്റുകളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ 1-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്‌ഡില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ തുടര്‍ന്ന് നടന്ന മെല്‍ബണ്‍ ടെസ്റ്റില്‍ സമനില നേടി തിരിച്ചുവന്നു. പിന്നാലെ ഗാബയിലും സിഡ്‌യിലും വിജയിച്ച് പരമ്പര സ്വന്തമാക്കി.