ദോഹ : ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം നെയ്‌മര്‍ എറെ ആശങ്കകള്‍ക്ക് ഒടുവിലാണ് കൊറിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങിയത്. സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ വലത് കണങ്കാലിന് പരിക്കേറ്റ 30കാരന് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. എന്നാല്‍ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ അക്ഷരാര്‍ഥത്തില്‍ നെയ്‌മര്‍ കളം നിറഞ്ഞു.
കാനറികളുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്‌മര്‍ രണ്ടാം ഗോള്‍ സ്വന്തം പേരിലാക്കുകയും ചെയ്‌തു. മത്സരത്തിന്‍റെ 13ാം മിനിട്ടിലാണ് സൂപ്പര്‍ താരം കൊറിയന്‍ വല കുലുക്കിയത്. റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്‌മര്‍ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും നെയ്‌മര്‍ക്ക് കഴിഞ്ഞു. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീല്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. നേരത്തെ 2014, 2018 ലോകകപ്പുകളിലും ഗോള്‍ നേടാന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിരുന്നു.
ബ്രസീലിന്‍റെ ഇതിഹാസ താരങ്ങളായ പെലെയും റൊണാള്‍ഡോയുമാണ് നെയ്‌മറിന് മുന്‍പ് ഈനേട്ടം സ്വന്തമാക്കിയ താരങ്ങള്‍. പെലെ 1958, 1962, 1966, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലുമാണ് രാജ്യത്തിനായി ഗോള്‍ നേടിയത്.
Also read: 'ഞങ്ങൾ കിരീടം സ്വപ്‌നം കാണുന്നു' ; ഖത്തറിലെ നയം വ്യക്തമാക്കി നെയ്‌മര്‍
മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൊറിയയെ കീഴടക്കാന്‍ ബ്രസീലിന് കഴിഞ്ഞിരുന്നു. നെയ്‌മര്‍ക്ക് പുറമെ വിനീഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസണ്‍, ലൂയിസ് പക്വെറ്റ എന്നിവരാണ് കാനറികള്‍ക്കായി ലക്ഷ്യം കണ്ടത്. പൈക് സിയുങ് ഹോയാണ് കൊറിയയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.
1998 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു നോക്കൗട്ട് മത്സരത്തില്‍ നാല് ഗോള്‍ നേടുന്നത്. 98ല്‍ ചിലിയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു കാനറികളുടെ ജയം. അതേസമയം ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ വിജയം നേടാന്‍ കഴിഞ്ഞില്ലെന്ന ചരിത്രം തിരുത്താതെയാണ് ഖത്തറില്‍ നിന്നും കൊറിയ മടങ്ങുന്നത്.
ഇതടക്കം ഏഴ് തവണയാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ കൊറിയ ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേരെത്തിയത്. അഞ്ച് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ സംഘം രണ്ട് മത്സരത്തില്‍ സമനില നേടിയിരുന്നു.