വെല്ലിംഗ്ടൺ: ടോക്കിയോ ഒളിമ്പിക്സിന് 211 അത്ലറ്റുകളെ അയക്കുമെന്ന് ന്യൂസിലാന്‍ഡ് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. രാജ്യം ഇതേവരെ ഒളിമ്പിക്സിന് അയച്ച ഏറ്റവും വലിയ സംഘമാണ് ടോക്കിയോയിലേക്ക് പോകുന്നത്. 101 വനിതകളും 110 പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.
കരാട്ടെ, സർഫിങ് എന്നീ പുതിയ ഒളിമ്പിക് വിഭാഗങ്ങൾ ഉൾപ്പെടെ 22 കായിക ഇനങ്ങളിലായി 700 ലധികം മത്സര സെഷനുകളിലാണ് അത്ലറ്റുകള്‍ പങ്കെടുക്കുക. രാജ്യം ഒളിമ്പിക്സിനയക്കുന്ന വലിയ വനിത സംഘം കൂടിയാണ് ഇത്തവണത്തേത്.
also read: ഇറ്റലിയുടെ തലവരമാറ്റിയ 'മാന്ത്രികന്‍' മാൻസീനി
നേരത്തെ 2016ലെ റിയോ ഒളിമ്പിക്സില്‍ 100 വനിതകളാണ് രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നത്. 17 വയസുള്ള നീന്തല്‍ താരം എറിക ഫെയർവെതറാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 51 വയസുള്ള ബ്രൂസ് ഗുഡിനാണ് ഏറ്റവും പ്രായം കൂടിയ അംഗം. റഗ്ബി താരം സാറാ ഹിരിനിയും രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ ഹാമിഷ് ബോണ്ടുമാണ് ടീമിനെ നയിക്കുകയെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.