ന്യൂഡല്‍ഹി: ഗെയിംസ് വില്ലേജുകളില്‍ കായിക താരങ്ങളുടെ രക്ഷിതാക്കളെ ഒരിക്കലും അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളുമായി ബന്ധപെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് രക്ഷിതാക്കളെ കൂടെ കൂട്ടുന്നതിനെ താന്‍ എതിർക്കുന്നില്ല. രക്ഷിതാക്കൾ ഹോട്ടലില്‍ താമസിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
താരങ്ങൾക്കും പരിശീലകർക്കും ട്രെയ്‌നർമാർക്കും മാത്രമെ ഗെയിംസ് വില്ലേജില്‍ താമസ സൗകര്യം അനുവദിക്കൂ. രക്ഷിതാക്കൾ കായിക താരങ്ങളോടൊപ്പം ഗെയിംസ് വില്ലേജില്‍ താമസിക്കുന്നതിനെ താന്‍ വ്യക്തിപരമായും എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളെ ഗെയിംസ് വില്ലേജില്‍ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ തവണ താരങ്ങൾ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഭീഷണി മുഴക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും ഇടയില്‍ 32 ദിവസത്തെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഇത് താരങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.