ഇംഫാല്‍: മിക്‌സഡ് മാർഷൽ ആർട്‌സ് (എംഎംഎ) ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഫൈറ്ററായി മണിപ്പൂരുകാരി ലൈഷ്‌റാം സുർബാല ദേവി. ഗ്ലോബൽ അസോസിയേഷൻ ഓഫ് മിക്‌സഡ് മാർഷൽ ആർട്‌സ് (ജിഎഎംഎംഎ) 2022 മാർച്ചിൽ ആംസ്റ്റർഡാമിൽ നടത്തിയ ലോക ചാമ്പ്യൻഷിപ്പിലാണ് സുർബാല ദേവി സ്വർണം ഇടിച്ചിട്ടത്. പുരുഷ- വനിത മിക്‌സഡ് മാർഷൽ ആർട്‌സിന്‍റെ ആഗോള ഭരണ സമിതിയാണ് ജിഎഎംഎംഎ.
ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കസാക്കിസ്ഥാന്‍റെ ടോമിറിസ് സുസുപോവയെയാണ് മണിപ്പൂരുകാരി തോല്‍പ്പിച്ചത്. ചാമ്പ്യൻഷിപ്പ് നേടിയതിൽ വളരെ സന്തോഷവും ആവേശവുമുണ്ടെന്ന് സുർബാല ദേവി പ്രതികരിച്ചു. ഇല്ലായ്‌മയില്‍ നിന്നും തന്നെ പിന്തുണച്ച മാതാപിതാക്കൾ കാരണമാണ് ഇത് സാധ്യമായത്. തന്നെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഗുരുക്കന്മാര്‍ക്ക് നന്ദി പറയുന്നതായു താരം കൂട്ടിച്ചേര്‍ത്തു .
മറികടന്നത് നിരവധി പ്രതിബന്ധങ്ങള്‍: സുർബാല ദേവിയുടെ വിജയം ഇന്ത്യൻ എംഎംഎയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് എഴുതി ചേര്‍ത്തത്. എന്നാല്‍ ചരിത്രത്തിലേക്കുള്ള സുർബാലയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. 2019-ൽ ബഹ്‌റൈനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് രണ്ട് വർഷത്തോളം കളിക്കളത്തിന് പുറത്തായിരുന്നു താരം.
ഇതിനിടെയുണ്ടായ വിഷാദ രോഗത്തെയടക്കം പൊരുതി തോല്‍പ്പിച്ചാണ് സുർബാല ആംസ്റ്റർഡാമിൽ സുവര്‍ണ ചരിത്രം രചിച്ചത്. ഇതേക്കുറിച്ചും താരം സംസാരിച്ചു. "ബഹ്‌റൈനിലെ മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ എനിക്ക് പരിക്കേറ്റു. പക്ഷേ ഒമ്പത് മിനിറ്റ് മത്സരിച്ചു. ഇതെന്‍റെ ജീവിതത്തിലെ വളരെ കഠിനമായ ഘട്ടമായിരുന്നു.
ഗെയിമിനെ വളരെയധികം സ്നേഹിക്കുന്നതിനാൽ പരിക്കടക്കമുള്ള കാരങ്ങള്‍ എന്നെ വിഷാദത്തിലേക്കെത്തിച്ചു. ഏഴുമാസത്തോളമുള്ള ചികിത്സയ്‌ക്ക് ശേഷമാണ് കാര്യങ്ങള്‍ ശരിയായത്. ശസ്ത്രക്രിയയുടെ ഭാഗമായി രണ്ട് വർഷത്തെ ഇടവേള എടുക്കേണ്ടി വന്നു. ആംസ്റ്റർഡാമിലെ പോരാട്ടത്തിലൂടെ എന്‍റെ കരിയർ പുനരാരംഭിക്കുകയായിരുന്നു, ഇപ്പോൾ ഞാൻ ഒരു ലോക ചാമ്പ്യനാണ്" സുർബാല പറഞ്ഞു.
ലക്ഷ്യം യുഎഫ്‌സി വേദി: നിലവിലെ അമച്വർ പദവിയിൽ നിന്ന് ഒരു പ്രൊഫഷണൽ എംഎംഎ ഫൈറ്ററിലേക്കെത്താനാണ് തന്‍റെ ശ്രമമെന്നും സുർബാല കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള ലോക ചാമ്പ്യന്‍ഷിപ്പുകളും, അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിന്‍ഫെ (യുഎഫ്‌സി) വലിയ വേദിയുമാണ് തന്‍റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി. മണിപ്പൂരിലെ ഇതിഹാസ ബോക്‌സറായ ഡിങ്കോ സിങ്ങാണ് തന്‍റെ പ്രചോദനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
തുടക്കം കിക്‌ബോക്‌സറായി: 2010-ൽ കിക്ക്‌ബോക്‌സറായി കരിയർ ആരംഭിച്ച സുർബാല 2018ലാണ് മിക്‌സഡ് മാർഷൽ ആർട്‌സിലേക്ക് തിരിഞ്ഞത്. എട്ട് വർഷത്തെ കിക്ക്ബോക്സിങ് കരിയറിൽ, ഡബ്ല്യൂകെഎഫ് കെ1(WKF K1) വുമൺ അമേച്വർ വേൾഡ് ചാമ്പ്യൻഷിപ്പ്, 2018ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടം എന്നിങ്ങനെ ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി മെഡലുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.