അയ്സ്വാൾ: ജനുവരി 10-ന് ആരംഭിക്കുന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഭാഗമായി മിസോറാമിന്‍റെ പരമ്പരാഗത കായിക ഇനം അവതരിപ്പിക്കും. ഇൻസുക്‌നവർ എന്ന പേരില്‍ രണ്ട് പേർ പങ്കെടുക്കുന്ന കായിക ഇനമാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസിന്‍റെ ഭാഗമായി അവതരിപ്പിക്കുക. പ്രദർശന ഇനത്തിലാണ് പരമ്പരാഗത കായിക ഇനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഗെയിംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തടി ഉപയോഗിച്ച് നിർമിച്ച ദണ്ഡ് ഉപയോഗിച്ച് രണ്ട് കായിക താരങ്ങൾ വൃത്തത്തിനുള്ളില്‍ നിന്നാണ് ഈ ഇനത്തില്‍ മത്സരിക്കുക. ദേശീയ ഗെയിംസിന്‍റെ ഭാഗമായി ഈ ഇനം അവതരിപ്പിക്കുന്നത് ആദ്യമായാണ്. പ്രദർശന മത്സരത്തില്‍ പങ്കെടുക്കാനായി കായിക താരങ്ങളെ അയക്കാന്‍ മിസോറാം സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗണ്‍സില്‍ അംഗങ്ങളോട് ഗെയിംസ് അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ആറ് താരങ്ങളും രണ്ട് ഓഫീഷ്യല്‍സും മത്സരത്തിന്‍റെ ഭാഗമാകും. മിസോറാം സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗണ്‍സിലിന്‍റെ ചിഹ്നത്തില്‍ ഈ കായിക ഇനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ തയാറെടുപ്പുകളും അസമില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉദ്ഘാടന ചടങ്ങ് ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടക്കും. 451 ഇനങ്ങളിലായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജനുവരി 22-ന് സമാപിക്കും.