മിഡിൽസ്ബ്രോ: പ്രധാന പരിശീലകനായി ചുമതലയേറ്റെടുത്ത ആദ്യ സീസണിൽ തന്നെ അത്ഭുതങ്ങൾ തീർക്കുകയാണ് മൈക്കിള്‍ കാരിക്ക്. മിഡിൽസ്‌ബ്രോയുടെ മുഖ്യ പരിശീലകനായി കാരിക്ക് ചുമതലയേറ്റതോടെ റിലഗേഷൻ ഭീഷണിയിൽ ആയിരുന്ന ക്ലബ് ഇപ്പോൾ ചാമ്പ്യൻഷിപ്പിന്‍റെ പ്ലേ ഓഫ് സെമിയിൽ എത്തിയിരിക്കുകയാണ്. കാരിക്കിന് കീഴിൽ മിഡിൽസ്‌ബ്രോ നടത്തുന്ന പ്രകടനം അവിസ്‌മരണീയമാണ്.
മുഖ്യ പരിശീലകനായി കാരിക്ക് ചുമതലയേൽക്കുന്ന ആദ്യ ക്ലബാണ് മിഡിൽസ്‌ബ്രോ. 2022 ഒക്‌ടോബറിലാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സഹപരിശീലകനുമായിരുന്ന കാരിക്ക് ചാമ്പ്യൻഷിപ്പ് ക്ലബ് മിഡിൽസ്‌ബ്രോയുടെ പരിശീലകനായെത്തുന്നത്. ആ സമയത്ത് ഇഎഫ്‌എൽ ചാമ്പ്യൻഷിപ്പിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് വെറും 17 പോയിന്‍റുമായി 21-ാം സ്ഥാനത്തായിരുന്നു ക്ലബ്. തരംതാഴ്‌ത്തൽ മേഖലയ്‌ക്ക് ഒരു പോയിന്‍റ് മാത്രം മുകളിലായിരുന്നു സ്ഥാനം.
എന്നാൽ ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ മിഡിൽസ്ബ്രോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തിരിക്കുകയാണ്. 46 മത്സരങ്ങളിൽ നിന്ന് 75 പോയിന്‍റ് നേടിയാണ് ക്ലബ് നാലാമതെത്തിയത്. ഇതോടെ പ്ലേ ഓഫിന് യോഗ്യത നേടിയ മിഡിൽസ്‌ബ്രോ പ്രീമിയർ ലീഗിലേക്കുള്ള സ്ഥാനക്കയറ്റം സ്വപ്‌നം കാണുകയാണ്. ഒരു സമയത്ത് റിലഗേഷൻ ഭീഷണി നേരിട്ടിരുന്നവരാണ് പ്ലേ ഓഫ് സെമി ഫൈനലിൽ കോവൻട്രി സിറ്റിയെ നേരിടാനൊരുങ്ങുന്നത്. ഇരുപാദങ്ങളിലായാണ് സെമി മത്സരങ്ങൾ നടക്കുക.
ഈ രണ്ട് ടീമുകളെ കൂടാത ലുട്ടൺ ടൗൺ, സണ്ടർലാൻഡ് എന്നീ ടീമുകളും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. സെമിയിൽ കോവൻട്രിയെ മറികടക്കാനായാൽ ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ മിഡിൽസ്‌ബ്രോയുടെ എതിരാളികൾ. മെയ് 27നാണ് ഫൈനൽ മത്സരം.
മിഡിൽസ്‌ബ്രോയുടെ ഉയർത്തെഴുന്നേൽപ്പ്: കാരിക്കിന് കീഴിൽ മിഡിൽസ്ബ്രോ അവരുടെ കളി ശൈലി തന്നെ മാറ്റിയിരുന്നു. ബാഴ്‌സലോണയിലും പെപ് ഗ്വാർഡിയോളോയുടെ ടീമിലുമെല്ലാം കണ്ടുവരുന്ന പൊസഷൻ ഫുട്ബോളും ചെറു പാസുകളുമാണ് കാരിക്ക് എന്ന പരിശീലകനെ ഭംഗിയുള്ളതാക്കുന്നത്. ജേതാക്കളായ ബേൺലി കഴിഞ്ഞാൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം ഗോളടിച്ചത് കാരിക്കിന്‍റെ ടീമാണ്. മിഡിൽസ്ബ്രോ 46 മത്സരങ്ങളിൽ നിന്നും 84 ഗോളുകൾ അടിച്ചപ്പോൾ ബേൺലി 87 ഗോളുകളാണ് നേടിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹ പരിശീലകനായി ഉണ്ടായിരുന്ന കാരിക്ക് കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡിന്‍റെ കെയർ ടേക്കർ മാനേജറും ആയിരുന്നു. കളത്തിൽ യുണൈറ്റഡിനൊപ്പം ഇതിഹാസം തീർത്ത താരം കൂടിയാണ് കാരിക്ക്. അഞ്ച് പ്രീമിയർ ലീഗ് വിജയത്തിൽ പങ്കുചേർന്ന കാരിക്ക് 2008ൽ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഇനി മിഡിൽസ്‌ബ്രോയ്‌ക്ക് പ്രീമിയർ ലീഗ് യോഗ്യത നേടിക്കൊടുക്കാനായാൽ അത് കാരിക്ക് എന്ന പരിശീലകന് കൂടുതൽ ഉയരങ്ങളിലെത്തും.
ALSO READ: വിൻസന്‍റ് കോംപനി ബ്രില്യൻസ്; 7 മത്സരങ്ങൾ ബാക്കി നിൽക്കെ ബേൺലി പ്രീമിയർ ലീഗിൽ തിരിച്ചെത്തി
സ്ഥാനക്കയറ്റം ഇങ്ങനെ: മൂന്ന് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ നിന്നും ടോപ് ഡിവിഷൻ ലീഗായ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. ജേതാക്കളായ ബേൺലിയും റണ്ണേഴ്‌സപ്പായ ഷെഫീൽഡ് യുണൈറ്റഡും നേരത്തെ യോഗ്യത നേടിയിരുന്നു. മൂന്നാമത്തെ ടീമിനെ പ്ലേ ഓഫിലൂടെയാണ് നിർണയിക്കുക. പോയിന്‍റ് പട്ടികയിൽ മൂന്ന് മുതൽ ആറു വരെയുള്ള ടീമുകളാണ് പ്ലേ ഓഫ് കളിക്കുക.