ടോക്കിയോ : റെഡ്ബുള്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഫോർമുല വൺ ലോക ചാമ്പ്യന്‍. ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക്കിനെയും റെഡ് ബുളളിന്‍റെ തന്നെ സെര്‍ജിയോ പെരസിനെയുമാണ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ വെര്‍സ്റ്റാപ്പന്‍ പിന്നിലാക്കിയത്. ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സിൽ ഒന്നാമതെത്തിയാണ് വെര്‍സ്റ്റാപ്പന്‍ ലോക കിരീടം നിലനിര്‍ത്തിയത്.
റെഡ്ബുള്‍ ഡ്രൈവറുടെ സീസണിലെ 12-ാം ജയമാണിത്. നാല് മത്സരങ്ങൾ ശേഷിക്കെ വെർസ്റ്റാപ്പന് 113 പോയിന്‍റ് ലീഡായി. ഇതോടെ മൈക്കൽ ഷൂമാക്കറിനും സെബാസ്റ്റ്യൻ വെറ്റലിനും ശേഷം നാല് മത്സരങ്ങൾ ശേഷിക്കെ ലോക കിരീടം നേടുന്ന മൂന്നാമത്തെ ഡ്രൈവറായും മാക്‌സ് വെര്‍സ്റ്റാപ്പന്‍ മാറി.
ജാപ്പനീസ് ഗ്രാന്‍റ് പ്രിയില്‍ വിജയിച്ചതോടെ ലോകകിരീടത്തിന് ഒരു പോയിന്‍റ് അകലെയായിരുന്നു മാക്‌സ്. എന്നാല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ ചാൾസ് ലെക്ലെർക്കിന് അഞ്ച് സെക്കൻഡ് പെനാൽറ്റി ലഭിച്ചത് വെര്‍സ്റ്റാപ്പന് നേട്ടമായി. ഇതിനെ തുടര്‍ന്ന് ലെക്ലര്‍ക്കും വെർസ്റ്റാപ്പനും തമ്മിലുളള പോയിന്‍റില്‍ വ്യത്യാസമുണ്ടായതോടെയാണ് താരം കിരീടം ചൂടിയത്.
പെനാൽറ്റി ലഭിച്ചതോടെ മത്സരത്തില്‍ രണ്ടാമത് ഫിനിഷ് ചെയ്‌തെങ്കിലും ചാൾസ് ലെക്ലെർക്ക് മൂന്നാം സ്ഥാനത്തായി. ഇതോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത റെഡ് ബുള്ളിന്‍റെ സെർജിയോ പെരസ് രണ്ടാം സ്ഥാനത്തേക്ക് കയറി. മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിനിടെ കിരീടം നിലനിര്‍ത്തിയതായി വെർസ്റ്റാപ്പനെ മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.
"തീർച്ചയായും ഇത് രസകരമായ ഒരു വികാരമാണ്. ഫിനിഷ് ലൈന്‍ കടക്കുമ്പോള്‍ ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല" - എന്നായിരുന്നു വെർസ്റ്റാപ്പൻ പ്രതികരിച്ചത്. തനിക്ക് എത്ര പോയിന്‍റ് ലഭിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും, പ്രകടനത്തില്‍ സന്തുഷ്‌ടനാണെന്നും താരം പറഞ്ഞു.