വാർസോ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ്ക്കായി ഒളിമ്പിക് മെഡല്‍ ലേലം ചെയ്ത പോളിഷ് ജാവലിൻ ത്രോ താരം മരിയ ആൻഡ്രെജിക്കിന് കയ്യടി. പരിചയം പോലുമില്ലാത്ത മിലോസെക് എന്ന കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനാണ് താരം ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ലേലം ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് മരിയ തന്‍റെ ഒളിമ്പിക് മെഡല്‍ ലേലത്തിന് വെച്ചിരുന്നത്. 125,000 യുഎസ് ഡോളറിന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക പോൾസ്‌കയാണ് മെഡൽ സ്വന്തമാക്കിയതെന്ന് ബുധനാഴ്ച മരിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
also read: അഫ്‌ഗാൻ വനിത ഫുട്ബോൾ താരങ്ങളുടെ ജീവൻ പ്രതിസന്ധിയിൽ; സഹായമഭ്യർത്ഥിച്ച് മുൻ താരം
അതേസമയം ലേല ജേതാക്കള്‍ ഒളിമ്പിക്സ് മെഡല്‍ മരിയ ആൻഡ്രെജിക്കിന് തന്നെ തിരിച്ച് നല്‍കിയിട്ടുണ്ട്. നേരത്തെ 2016ലെ റിയോ ഒളിമ്പിക്സില്‍ രണ്ട് സെന്‍റീമീറ്റര്‍ വ്യത്യാസത്തിൽ മരിയയ്‌ക്ക് മെഡല്‍ നഷ്ടമായിരുന്നു.
2017ല്‍ തോളിന് പരിക്കേറ്റ് ചികിത്സയിലായ താരത്തിന് 2018ൽ ബോണ്‍ കാന്‍സറും സ്ഥിരീകരിച്ചിരുന്നു. ഇതിനോടെല്ലാം പൊരുതിയായിരുന്നു ടോക്കിയോയില്‍ താരത്തിന്‍റെ മെഡല്‍ നേട്ടം.