ലണ്ടന്‍ : എക്കാലവും ഓര്‍ക്കപ്പെടുന്നതാണ് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ 'ദൈവത്തിന്‍റെ കൈയൊപ്പ്' പതിഞ്ഞ ഗോള്‍. 1986 ജൂണ്‍ 22ന് മെക്സിക്കോ സിറ്റിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ഫുട്ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഗോള്‍ പിറന്നത്. അന്ന് വല കുലുക്കുമ്പോള്‍ മറഡോണ ധരിച്ചിരുന്ന ടീഷര്‍ട്ട് വീണ്ടും ലേലത്തില്‍വച്ചിരിക്കുകയാണ്.
കായിക ലോകത്ത് തന്നെ എറ്റവും വിലകൂടിയ സ്മാരകങ്ങളില്‍ ഒന്നാണ് മറഡോണയുടെ ഈ ടീഷര്‍ട്ട്. 4 മില്യണ്‍ പൗണ്ട് (5.2 മില്യണ്‍ യു.എസ് ഡോളര്‍) ആണ് മതിപ്പുവില. എപ്രില്‍ 20ന് ലേലം ആരംഭിക്കുമെന്ന് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോത്ത്ബി കമ്പനി അറിയിച്ചു.
ലോകത്ത് ഏറ്റവും മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് ഈ ടീഷര്‍ട്ട് എന്നാണ് കമ്പനി തലവന്‍ ബ്രാം വാച്ചര്‍ പറയുന്നത്. ബ്രിട്ടനും അര്‍ജന്‍റീനയും തമ്മില്‍ ഫാല്‍ക്ക്‌ലാന്‍റ് ദ്വീപിനായി യുദ്ധം നടത്തി നാല് വര്‍ഷം കഴിഞ്ഞ ശേഷമായിരുന്നു ഇംഗ്ലണ്ട് അര്‍ജന്‍റീന മത്സരം. ഈ മത്സരത്തിലാണ് അര്‍ജന്‍റീനക്കായി മറഡോണ നിര്‍ണായക ഗോള്‍ നേടിയത്. ഇംഗ്ലീഷ് ക്ലബ്ബിനെതിരെ നേടിയ ഗോള്‍ ചിരവൈരികള്‍ക്കുള്ള ഒരു ജനതയുടെ മറുപടികൂടിയായിരുന്നു.
ഫിഫയുടെ ചരിത്രത്തില്‍ തന്നെ വലിയ പ്രാധാന്യം നേടിയ ഗോള്‍ ഇപ്പോഴും ജനങ്ങള്‍ ഓര്‍ക്കുകയാണ്. 2020 നവംബറിൽ തന്‍റെ 60ാം വയസില്‍ മറഡോണ മരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലണ്ടിന്‍റെ മാഞ്ചസ്റ്ററിലെ നാഷണൽ ഫുട്ബോൾ മ്യൂസിയത്തില്‍ സൂക്ഷിച്ച ഷര്‍ട്ടാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
ഇത്രയും കാലം ഇതിന്‍റെ ഉടമ താനായിരുന്നുവെന്നും അത് വില്‍ക്കുകയാണെന്നും ബ്രാം വാച്ചര്‍ പറഞ്ഞു. ഏപ്രിൽ 20 മുതൽ മെയ് 4 വരെ സോത്ത്ബിയുടെ ലണ്ടൻ ഷോറൂമിൽ ടീ ഷർട്ട് പ്രദർശിപ്പിക്കും.