ന്യൂഡല്‍ഹി: പ്രസിഡന്‍റ്സ് കപ്പില്‍ ഇന്ത്യയുടെ വനിതാ ഷൂട്ടിങ് താരം മനു ഭാക്കര്‍ക്ക് സ്വര്‍ണം. 10 മീറ്റര്‍ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തില്‍ ഇറാന്‍റെ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ജവാദ് ഫൊറോഗിക്കൊപ്പമാണ് താരം സ്വര്‍ണം നേടിയത്. ഇന്‍റര്‍നാഷണൽ ഷൂട്ടിങ് സ്‌പോർട്ട് ഫെഡറേഷൻ (ISSF) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് പോളണ്ടിലെ റോക്ലോയിലാണ് നടക്കുന്നത്.
സ്വർണമെഡൽ പോരാട്ടത്തിൽ ഫ്രഞ്ച്-റഷ്യൻ ജോഡികളായ മതിൽഡെ ലാമോല്ലെ-ആർടെം ചെർനൂസോവ് സഖ്യത്തെയാണ് ഇന്തോ-ഇറാന്‍ സഖ്യം കീഴടക്കിയത്. 16-8ന് എന്ന സ്കോറിനാണ് സംഘം ജയിച്ച് കയറിയത്. യോഗ്യത റൗണ്ടില്‍ 600ല്‍ 582 പോയിന്‍റ് നേടിയ ഇന്തോ-ഇറാന്‍ സഖ്യം മൂന്നാം സ്ഥാനത്തെത്തിയാണ് സെമിയിലെത്തിയത്.
also read:സ്കോട്ട്‌ലൻഡ് ഡ്രസിങ് റൂമിലെത്തി കോലിയും സംഘവും; അമൂല്യമെന്ന് സ്കോട്ടിഷ് താരങ്ങൾ
നാല് ജോഡികള്‍ പങ്കെടുത്ത സെമിയില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു ഇരുവരും ഫൈനലുറപ്പിച്ചത്. രണ്ടാം സെമിയിൽ ഫ്രഞ്ച്-റഷ്യൻ ജോഡികള്‍ ഫൈനലിനെത്തിയത്. അതേസമയം ഉക്രെയ്‌നിന്‍റെ ഒലീന കോസ്റ്റേവിച്ചിനൊപ്പം മത്സരിക്കാനിറങ്ങിയ മറ്റൊരു ഇന്ത്യന്‍ താരമായ അഭിഷേക് വർമ ആറാം സ്ഥാനത്തെത്തി.