മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യൻമാരായ സർവീസസിനെ പരാജയപ്പെടുത്തി വടക്ക് കിഴക്കൻ ശക്‌തികളായ മണിപ്പൂർ. ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ഗംഭീര ജയമാണ് മണിപ്പൂർ സ്വന്തമാക്കിയത്. നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍ ഹോകിപ്, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മറ്റൊന്ന് സര്‍വീസസ് പ്രതിരോധ താരം സുനിലിന്‍റെ സെല്‍ഫ് ഗോളായിരുന്നു.
ശക്തമായി തുടങ്ങിയ മണിപ്പൂർ ജെനിഷ് സിംങിലൂടെ മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ആദ്യപകുതിയിൽ മണിപ്പൂർ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്നപ്പോൾ, ഭൂരിഭാഗം പൊസിഷനും കൈവശം വച്ചിട്ടും സർവീസസിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാനായിരുന്നില്ല.
ALSO READ: സന്തോഷ് ട്രോഫി : കര്‍ണാടക - ഒഡിഷ മത്സരം സമനിലയില്‍
50-ാം മിനിറ്റില്‍ ഹോയിക്കിപ്പിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. 74-ാം മിനിറ്റിൽ സര്‍വീസസ് പ്രതിരോധ താരം മലയാളിയായ സുനിലിന്‍റെ സെല്‍ഫ് ഗോളിലൂടെ മണിപ്പൂര്‍ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാന്‍ ശ്രമിക്കവെയാണ് സെല്‍ഫ് ഗോള്‍ പിറന്നത്.