ലണ്ടന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ബ്രസീലിയന്‍ വിങ്ങര്‍ ആന്‍റണി. ഈ വര്‍ഷത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരം ക്ലബിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയെക്കുറിച്ച് സംസാരിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ക്രിസ്റ്റ്യാനോയില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ആന്‍റണി പറഞ്ഞു.
"എന്‍റെ ടീമംഗങ്ങളെ സഹായിക്കാനാണ് ഞാൻ വന്നത്. പ്രായഭേദമന്യേ, എല്ലാ കളിക്കാരിലും അപാരമായ കഴിവുണ്ട്. വാക്കുകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റ്യാനോയെ വിവരിക്കാൻ കഴിയില്ല.
ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഞാൻ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. അദ്ദേഹത്തിന് അസാധാരണമായ ഒരു മനസുണ്ട്. അദ്ദേഹത്തോട് സംസാരിക്കുമ്പോഴെല്ലാം ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്". ആന്‍റണി പറഞ്ഞു.
യുണൈറ്റഡിന് ശക്തമായ ആക്രമണ നിരയുണ്ടെന്നും ഭാവിയിലേക്ക് കാര്യങ്ങൾ ശോഭനമാണെന്നും 22കാരനായ ആന്‍റണി കൂട്ടിച്ചേര്‍ത്തു. എറിക് ടെന്‍ ഹാഗ് മുന്നെ പരിശീലിപ്പിച്ചിരുന്ന ഡച്ച് ക്ലബ് അയാക്സില്‍ നിന്നാണ് ആന്‍റണിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 95 മില്യണ്‍ യൂറോയാണ് ആന്‍റണിക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കിയത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളോടെ അരങ്ങേറാന്‍ ആന്‍റണിക്ക് കഴിഞ്ഞിരുന്നു. ഈ മാസം ആദ്യം ആഴ്‌സണിനെതിരെയാണ് ആന്‍റണി യുണൈറ്റഡിനായി ആദ്യ മത്സരം കളിച്ചത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ആഴ്‌സണലിനെ കീഴടക്കിയത്.
യുണൈറ്റഡിനായി ആന്‍റണിക്ക് പുറമെ മാർക്കസ് റാഷ്ഫോര്‍ഡ് ഇരട്ട ഗോളുകള്‍ നേടിയിരുന്നു. ബുക്കായോ സാക്കയാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്. പ്രീമില്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വിയായിരുന്നുവിത്.