ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച ആറ് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് 37കാരന് ടീമിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടാനായത്.
ലീഗില്‍ ഒരു ഗോളോ അസിസ്റ്റോ രേഖപ്പെടുത്താനും ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞിട്ടില്ല. യൂറോപ്പ ലീഗിൽ എഫ്‌സി ഷെരീഫിനെതിരെ നേടിയ പെനാൽറ്റി ഗോള്‍ മാത്രമാണ് സീസണില്‍ താരത്തിന്‍റെ പട്ടികയിലുള്ളത്. കളി സമയവുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോയുമായി പരിശീലകന്‍ എറിക് ടെന്‍ ഹാഗ് സത്യസന്ധമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് യുണൈറ്റഡ് മുൻ താരം പാട്രിസ് എവ്ര.
ടെന്‍ ഹാഗിന്‍റെ നിലവിലെ തീരുമാനത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശനാവുമെന്നും പാട്രിസ് എവ്ര പറഞ്ഞു. "ആ വലിയ തീരുമാനത്തോടെ ടെൻ ഹാഗ് വലിയ ഞെട്ടലുണ്ടാക്കി. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തുന്നത് ഒരു വലിയ പ്രസ്‌താവനയാണ്. കഴിഞ്ഞ വർഷം അദ്ദേഹം 18 ഗോളുകൾ അടിച്ചിരുന്നു.
ഇത് ന്യായമല്ലെന്നും തന്നെ എന്തിനാണ് ബെഞ്ചിലിരുത്തുന്നതെന്നും തീര്‍ച്ചയായും ക്രിസ്റ്റ്യാനോ ചിന്തിക്കും. അദ്ദേഹം ചിന്തിക്കുന്നത് ശരിയാണ്. പക്ഷേ നിങ്ങൾക്ക് ഒരു പരിശീലകനുണ്ട്. അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ മാനിക്കേണ്ടതുണ്ട്", പാട്രിസ് എവ്ര പറഞ്ഞു.
"ക്രിസ്റ്റ്യാനോയുടെ നിരാശ ഞാൻ മനസിലാക്കുന്നു. എന്നാല്‍ ടെന്‍ ഹാഗിന്‍റെ പദ്ധതിയില്‍ അവനുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. യുണൈറ്റഡില്‍ പുതിയ യുഗത്തിനാണ് ടെന്‍ ഹാഗ് തുടക്കം കുറിക്കുന്നത്. അതിനാല്‍ പുതിയ താരങ്ങളെ ആവശ്യമുണ്ട്.
എന്നാല്‍ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്രിസ്റ്റ്യാനോയെ വേണം. എന്നെ വിശ്വസിക്കൂ, നമ്മള്‍ ക്രിസ്റ്റ്യാനോയ്‌ക്ക് നന്ദി പറയുന്ന ഒരു നിമിഷം ഉണ്ടാകും. കാത്തിരിക്കൂ, അക്കാര്യത്തെ കുറിച്ച് എനിക്ക് മതിയായ ബോധ്യമുണ്ട്.
ടെൻ ഹാഗും ക്രിസ്റ്റ്യാനോയും ഇതുവരെ നടത്തിയിട്ടില്ലെങ്കിൽ, സത്യസന്ധമായ ഒരു ചർച്ച നടത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം യുക്തിസഹമാണ്", പാട്രിസ് എവ്ര കൂട്ടിച്ചേര്‍ത്തു.