ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വിമര്‍ശനവുമായി ക്ലബ് ഇതിഹാസവും മുൻ സഹതാരവുമായ വെയ്ൻ റൂണി. യുണൈറ്റഡിൽ ഈയിടെയായുള്ള താരത്തിന്‍റെ പെരുമാറ്റം അസ്വീകാര്യമാണ്. കോച്ചിന് ആവശ്യമുള്ളപ്പോള്‍ ക്രിസ്റ്റ്യാനോ കളിക്കാന്‍ തയ്യാറാവണമെന്നും റൂണി പറഞ്ഞു.
സീസണില്‍ കോച്ച് എറിക് ടെന്‍ ഹാഗിന്‍റെ ആദ്യ ഇലവനില്‍ സ്ഥിരക്കാരനാവാന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പല തവണ തന്‍റെ അതൃപ്‌തി 37 കാരനായ താരം പ്രകടമാക്കിയിരുന്നു. ഒക്‌ടോബറില്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ പകരക്കാരനായി ബെഞ്ചിലിരിക്കെ മൈതാനം വിട്ടുപോയ ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി ഏറെ ചര്‍ച്ചയായിരുന്നു.
ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. എന്നാല്‍ താരത്തിന്‍റെ ഈ നിഷേധാത്മകമായ നിലപാട് ശരിയല്ലെന്നും റൂണി വ്യക്തമാക്കി. "ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം, തല താഴ്ത്തി ജോലി ചെയ്യുക, കോച്ചിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ കളിക്കാൻ തയ്യാറാകുക.
അങ്ങനെ ചെയ്‌താൽ നിങ്ങള്‍ക്ക് ടീമിനൊരു മുതല്‍ക്കൂട്ടായി മാറാന്‍ കഴിയും, മറിച്ചാണെങ്കില്‍ അതൊരു അനാവശ്യമായ വ്യതിചലനമാണ്", റൂണി പറഞ്ഞു.
"ക്രിസ്റ്റ്യാനോയും മെസിയും എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോളര്‍മാരാണ്. ക്രിസ്റ്റ്യാനോയ്‌ക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം. എന്നാൽ സീസണിന്‍റെ തുടക്കം മുതൽ അദ്ദേഹം ചെയ്‌ത കാര്യങ്ങൾ യുണൈറ്റഡിന് സ്വീകാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്", റൂണി വ്യക്തമാക്കി.
ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു. പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. 13 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റാണ് സംഘത്തിനുള്ളത്.
also read: മെസിയും പിള്ളേരും റെഡി ; കരുത്തുറ്റ ടീമുമായി ഖത്തറിലേക്ക് പറക്കാൻ അർജന്‍റീന